തിരുവനന്തപുരം:രോഗബാധിതരുടെ വർധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വർധിച്ചില്ലെന്നും ഇതുമൂലം ചികിത്സക്കെത്തിയവരുടെ എണ്ണം ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിെച്ചന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പ്രധാന കാരണം മികച്ച രീതിയില്‍ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചതാണ്. മരിച്ചവരുടെ എണ്ണത്തില്‍ സ്വാഭാവികമായ വർധനവുണ്ടായെങ്കിലും മരണനിരക്ക് ഉയരാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മരിച്ചവരില്‍ തന്നെ 95 ശതമാനത്തിലധികവും വാക്സിനേഷന് ലഭിക്കാത്തവരായിരുന്നു. സെപ്റ്റംബര്‍ 30നകം 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിന് മുകളിലുള്ള 78.03 ശതമാനം പേര്‍ക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേര്‍ക്ക് (86,55,858) രണ്ട് ഡോസ് വാക്സിനും ഇതിനകം നൽകി. കോവിഡ് ബാധിച്ചവരില്‍ 20 ശതമാനം പേര്‍ക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍കണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ല ആശുപത്രികളില്‍ വരെ കോവിഡാനന്തര രോഗങ്ങള്‍ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡെല്‍റ്റ വൈറസിന് വാക്സിന് ഉയര്‍ത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. എന്നാൽ ഭയപ്പെടേണ്ടതില്ല. വാക്സിന് എടുത്തവരില്‍ രോഗം ഗുരുതരമാകില്ല.
വ്യാപനം കുറയുന്നു, കോവിഡിൽ ആശ്വാസം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ ആശ്വാസം നല്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ ശരാശരി സജീവ കേസുകള്‍ 2,42,278 ആണ്. അതില്‍ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രികളിലോ മറ്റ് ചികിത്സാ കേന്ദ്രങ്ങളിലോ ഉള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ. ആകെ രോഗികളില്‍ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുമുള്ളൂ. ഈ കാലയളവില്‍ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്. ടി.പി.ആറിലെയും പുതിയ കേസുകളിലെയും വളർച്ചനിരക്ക് യഥാക്രമം എട്ടു ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ട്.
നിപ ലക്ഷണമുള്ളവരുടെ സാമ്പിൾ ശേഖരിക്കും
തിരുവനന്തപുരം: പനിയോടൊപ്പം ഏതെങ്കിലും തരത്തിലുള്ള നിപ ലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ ശേഖരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലകള്‍ നിപ സമ്പര്ക്കത്തിെൻറ ലൈന്‍ ലിസ്റ്റ് തയാറാക്കും. റിസ്ക് കുറഞ്ഞ രോഗലക്ഷണങ്ങളുള്ളവരെ കര്‍ശനമായ റൂം ഐസൊലേഷനിലാക്കും. 21 ദിവസം ഇവരെ നിരീക്ഷിക്കും. ആരോഗ്യ പ്രവര്‍ത്തകള്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കും.
കോഴിക്കോട് ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടെത്തിയ നേരിയ ലക്ഷണങ്ങളുള്ളതും റൂം ക്വാറൻറീനില്‍ കഴിയുന്നതുമായ ആളുകള്‍ക്ക് കോവിഡ്/നിപ ടെസ്റ്റുകള്‍ നടത്തുന്നതിന് നാല് മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.