വിദേശത്ത് നിന്ന് വിഭവസമാഹരണം നടത്തും; ജില്ലകളിൽ പ്രത്യേക കേന്ദ്രങ്ങൾ -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റെ പുനർനിർമാണത്തിനായി വിഭവസമാഹരണം നടത്തുന്നതായി സംസ്ഥാന സർക്കാർ വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു. ധനസമാഹരണത്തിനായി വിദേശത്ത് രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും പ്രത്യേക സംഘം സന്ദർശനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭ, പ്രവാസി സംഘടനകളെയും ഉൾപ്പെടുത്തിയാണ് വിഭവ സമാഹരണം നടത്തുക. ഇതിനായി യു.എ.ഇ, ഒമാൻ, ബഹറൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ന്യൂസിലൻഡ്, യു.കെ, ജർമനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘത്തെ വിദേശരാജ്യ സന്ദർശനത്തിന് നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹമുള്ളവരിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കാൻ സംസ്ഥാനത്ത് പ്രത്യേക സംവിധാനം ഒരുക്കും. ഇതിന് ജില്ല അടിസ്ഥാനമാക്കി മന്ത്രിമാർ സന്ദർശനം നടത്തും. മന്ത്രിമാർ പോകേണ്ട ജില്ലകളിലെ പ്രാദേശിക കേന്ദ്രങ്ങൾ നിശ്ചയിക്കും. സെപ്റ്റംബർ 13 മുതൽ 15 വരെ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവകളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കും. ഇതിന് മുന്നോടിയായി സെപ്റ്റംബർ മൂന്നിന് ജില്ലകളിൽ അവലോകന യോഗം നടത്തും. 

കാസർകോട് -ഇ. ചന്ദ്രശേഖരൻ, കണ്ണൂർ -ഇ.പി ജയരാജൻ, കെ.കെ. ശൈലജ, വയനാട് -രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് -ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, മലപ്പുറം -കെ.ടി ജലിൽ, പാലക്കാട് എ.കെ. ബാലൻ, തൃശൂർ -സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽ കുമാർ, എറണാകുളം -എ.സി മൊയ്തീൻ, ഇടുക്കി -എം.എം. മണി, കോട്ടയം -തോമസ് ഐസക്, കെ. രാജു, ആലപ്പുഴ -ജി. സുധാകരൻ, പി. തിലോത്തമൻ, പത്തനംതിട്ട -മാത്യു ടി. തോമസ്, കൊല്ലം -ജെ. മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരം -കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് വിവിധ ജില്ലകളുടെ ചുമതലകൾ നൽകുക. 

സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സപ്തംബര്‍ 11ന് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചു. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കിപ്പണിയുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആഹ്വാനത്തിന് ലോകമെങ്ങു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാന്‍ മുന്നോട്ടുവരുന്നു എന്നത് നമുക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്. ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം 4.17 ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയത് എന്നതാണ്. രാജ്യത്തിനും ലോകത്തുനും മികച്ച മാതൃകകള്‍ സമ്മാനിച്ച കൊച്ചു സംസ്ഥാനമാണ് കേരളം. മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിന് മാതൃകയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതാണ്. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു. 

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കുന്നതാണ്. 

കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുളള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റ് പാര്‍ട്ട്ണറായി അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാന്‍ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കും. 

പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും പോലീസ് മേധാവി ലോക് നാഥ് ബെഹ്റയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. 

നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ പുനര്‍നിര്‍മാണത്തിന്‍റെ ചുമതല ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചു. 

പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിന് തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Pinarayi Vijayan Press Conference -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.