തിരുവനന്തപുരം: ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് വിഷയത്തിൽ കണക്കുകൾ നിരത്തി പാലാ ബിഷപ്പിെൻറ ആരോപണത്തെ ഖണ്ഡിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് പരാതികളില്ല. പാലാ ബിഷപ്പിെൻറ പരാമർശം നിർഭാഗ്യകരമാണ്. അതിലൂടെ നിർഭാഗ്യകരമായ വിവാദവും ഉയർന്നുവന്നു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിെൻറ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിെൻറ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നാടിെൻറ െഎക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപരകക്ഷികളുടെ വ്യാമോഹം വ്യാമോഹമായി അവസാനിക്കുകയേയുള്ളൂവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ എന്നിവ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് മനസ്സിലാകും. ക്രിസ്തുമതത്തിൽനിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയതുസംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷംമുമ്പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തത് നിർബന്ധിത മതപരിവർത്തനമാണെന്ന ആരോപണമുയർന്നു. കേരള ഹൈകോടതിയും സുപ്രീം കോടതിയും കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂർത്തിയായ, മതിയായ വിദ്യാഭ്യാസമുള്ള യുവതി സ്വന്തം ഇഷ്ടപ്രകാരം മതപരിവർത്തനം ചെയ്തതാണെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി കൂട്ടിേച്ചർത്തു.
ക്രിസ്ത്യാനികൾ ഉൾപ്പെടെ ഇതര മതസ്ഥരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപെടുത്തി മതപരിവർത്തനം നടത്തിയശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിലെത്തിക്കുന്നെന്ന പ്രചാരണത്തിെൻറ നിജസ്ഥിതി പരിശോധിച്ചപ്പോൾ മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയശേഷം അവിടെനിന്ന് ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരെൻറ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്. മറ്റുള്ള 28പേർ ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽനിന്നുതന്നെ പോയവരാണെന്നും കണ്ടെത്തി.
28ൽ അഞ്ചുപേർ മാത്രമാണ് മറ്റ് മതങ്ങളിൽനിന്ന് ഇസ്ലാം സ്വീകരിച്ച ശേഷം ഐ.എസിൽ ചേർന്നത്. അതിൽതന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം തമ്മനം സ്വദേശിനി മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ചശേഷമാണ് ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുകയും ഐ.എസിൽ ചേരുകയും ചെയ്തത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നെന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാർകോട്ടിക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നെന്ന പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകൾ 4941 എണ്ണമാണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80 ശതമാനം) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47 ശതമാനം) പേർ ഇസ്ലാം മതത്തിൽപെട്ടവരും 853 (15.73 ശതമാനം) പേർ ക്രിസ്തുമതത്തിൽപെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.
നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതി ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപനക്കാരോ പ്രത്യേക സമുദായത്തിൽപെടുന്നവരാണ് എന്നതിനും തെളിവില്ല. സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർഥികളുണ്ട്. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ വിപണന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിെൻറ ആസൂത്രിത ശ്രമത്തിെൻറ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ എല്ലാ മതസ്ഥരും ഇടകലർന്ന് ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിെൻറ വിത്തിടലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.