കൊച്ചി: മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കൾ അറിയിച്ചു. തിങ്കളാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസിൽ സമിതി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകളിൽ നൂറുശതമാനം വിശ്വാസമുണ്ടെന്ന് സമിതി കൺവീനർ ജോസഫ് ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി പി. രാജീവ്, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, കോട്ടപ്പുറം രൂപത ബിഷപ് ആംബ്രോസ് പുത്തൻവീട്ടിൽ എന്നിവരും പങ്കെടുത്തു.
വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നതെന്ന് ബിഷപ് പറഞ്ഞു.
ഭൂമിയിൽ നിന്ന് ഒരാൾക്കും ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നതാണ് സർക്കാർ നിലപാടെന്നും അത് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചു.
നിയമക്കുരുക്കുകളും സങ്കീർണതകളും എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നാണ് നോക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ സർക്കാറിന് പരിമിതിയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ശാശ്വത പരിഹാരമുണ്ടാക്കാനാണ് സർക്കാർ ശ്രമം. ന്യായമായ ആവശ്യവുമായി മുനമ്പത്തെ ആളുകൾ സമരം ചെയ്യുമ്പോൾ അതിൽ പല താൽപര്യക്കാർ കടന്നുകൂടുന്നുണ്ട്.
സ്റ്റാൻ സ്വാമി ജയിലിൽ കിടക്കുമ്പോൾ വെള്ളം കുടിക്കാൻ സ്ട്രോ ആവശ്യപ്പെട്ടിട്ട് കൊടുക്കാൻ തയാറാകാതിരുന്നവരും പള്ളികളും മഠങ്ങളുമൊക്കെ ഒഴിപ്പിക്കുകയും ചെയ്തവരാണ് ഇപ്പോൾ സ്ഥലത്തിന്റെ അവകാശത്തിനു വേണ്ടി രംഗത്തു വരുന്നതെന്നും രാജീവ് കൂട്ടിച്ചേർത്തു.
സമരം പിൻവലിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഭൂസംരക്ഷണ സമിതി നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.