സഹ.ബാങ്ക്​ പ്രതിസന്ധി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം തുറന്ന സമരത്തിന്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് തിരുവനന്തപുരം ഓഫിസിന് മുന്നില്‍ സത്യഗ്രഹം നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമരം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് തടയിടുന്ന നിലപാട് കേന്ദ്രം തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ സമരത്തിന് സര്‍ക്കാര്‍ തയാറായത്.
സഹകരണമേഖലയെ തകര്‍ക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയാറാണെന്ന് പ്രതിപക്ഷം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ശക്തമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുമുണ്ടായി. ഇതിന് പിന്നാലെ ഉച്ചയോടെ എല്‍.ഡി.എഫ് നേതാക്കളുമായി ആശയവിനിമയം നടത്തുകയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരത്തിന് തീരുമാനിക്കുകയുമായിരുന്നു. 21ന് സര്‍വകക്ഷി യോഗം ചേരാനും ധാരണയായിട്ടുണ്ട്. യോജിച്ച സമരം സര്‍വകക്ഷി യോഗശേഷമായിരിക്കും. ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ സമരം നടത്താനും സാധ്യതയുണ്ട്.
സഹകരണ വിഷയത്തില്‍ കേന്ദ്രനീക്കത്തെ അതിശക്തമായി ചെറുക്കണമെന്ന പൊതുവികാരം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍തന്നെ സമരത്തിനിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കളും സമാന വികാരമാണ് പങ്കുവെച്ചത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും സഹകരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നതടക്കം പ്രതിപക്ഷത്തിന്‍െറ ആവശ്യം പരിഗണിക്കും. പ്രതിപക്ഷ നേതാക്കള്‍ കുറെ ആവശ്യങ്ങള്‍ ഉന്നയിച്ചു. അതില്‍ പലതും തങ്ങളും ചര്‍ച്ച ചെയ്യുന്നതാണ്. ഒന്നിനോടും വിയോജിപ്പില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വകക്ഷി യോഗത്തിലേക്ക് ബി.ജെ.പിയേയും വിളിക്കും. സര്‍ക്കാറും യു.ഡി.എഫും യോജിച്ച സമരം തീരുമാനിച്ചിട്ടില്ല. സഹകരണ മേഖലയില്‍ കള്ളപ്പണമാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ബി.ജെ.പി രാഷ്ട്രീയ നിലപാട് എടുത്തതുകൊണ്ടാണ് പരിണതപ്രജ്ഞനായ അദ്ദേഹംപോലും ഇത്തരം അസംബന്ധം എഴുന്നള്ളിക്കാന്‍ മടികാണിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - pinarayi vijayan statement on note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.