കണ്ണൂർ: 'സഹോദരനെ പോലെയെന്നല്ല... സഹോദരനാണ്'. അനുസ്മരണക്കുറിപ്പിൽ കോടിയേരിയെ പിണറായി വിശേഷിപ്പിച്ചതിങ്ങനെയാണ്. ആ സഹോദരന്റെ വിലാപയാത്രയിൽ മുഴുവൻ സമയവും പിണറായി ഒപ്പമായിരുന്നു. കോടിയേരിയുടെ ഭൗതികശരീരം വിമാനത്താവളത്തിലെത്തിക്കുന്നതിന് അരമണിക്കൂർ മുമ്പ് പിണറായി കണ്ണൂരിലെത്തി.
തുടർന്ന് മൃതദേഹം ഏറ്റുവാങ്ങിയതിനുശേഷം ആദ്യം കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചതും വിമാനത്താവളത്തിൽ വെച്ച് പിണറായിതന്നെ. തുടർന്ന് പൊതുദർശനത്തിന് വെച്ച തലശ്ശേരി ടൗൺഹാളിലും മുഖ്യമന്ത്രി കുടുംബസമേതമെത്തി. കരഞ്ഞുതളർന്ന കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ആശ്വാസമേകാൻ ഭാര്യയോടും മകളോടും പറയാനും പിണറായി മറന്നില്ല.
ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ വിനോദിനിയെ കൂട്ടിക്കൊണ്ടുപോയത് പിണറായി വിജയൻ നേരിട്ടാണ്. ടൗൺഹാളിൽ പൊതുദർശനം നടക്കുമ്പോൾ ഏറക്കുറെ മുഴുവൻ സമയവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
തുടർന്ന് രാത്രി പത്തരയോടെ ഭൗതികശരീരം വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് കോടിയേരിയുടെ വീട്ടിലെത്തി വിനോദിനിയെയും മക്കളായ ബിനോയ് കോടിയേരിയെയും ബിനീഷ് കോടിയേരിയെയും പിണറായി ആശ്വസിപ്പിച്ചു. രാത്രി വൈകിയാണ് മുഖ്യമന്ത്രി പിണറായിയിലുള്ള സ്വവസതിയിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.