തിരുവനന്തപുരം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റൺവേ ബലപ്പെടുത്തുന്നതുൾപ്പെടെ പ്രവൃത്തികള്‍ പൂര്‍ത്തിയായതിനാല്‍ അവിടെ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കേരളത്തില്‍നിന്നുള്ള ഹജ്ജ് യാത്രയുടെ കേന്ദ്രമായി കരിപ്പൂർ വിമാനത്താവളത്തെ വീണ്ടും മാറ്റണമെന്നും കത്തിൽ അഭ്യർഥിച്ചു. 2015 വരെ കേരളത്തില്‍നിന്നും ലക്ഷദ്വീപില്‍നിന്നുമുള്ള ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ കരിപ്പൂർ വിമാനത്താവളം വഴിയായിരുന്നു. കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരുടെ 80 ശതമാനവും വടക്കന്‍ ജില്ലകളില്‍നിന്നാണ്.
3000 തീര്‍ഥാടകരെ താമസിപ്പിക്കാനുള്ള സൗകര്യം കരിപ്പൂരിലുണ്ട്. റൺവേയുടെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ഹജ്ജ് യാത്രയുടെ കേന്ദ്രം താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ ഇപ്പോള്‍ കരിപ്പൂരിൽ സൗകര്യമുണ്ടെന്ന് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കത്തിൽ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.