വാക്കുകൾ ഇടറി, ​​​പ്രിയ സഖാവിന്റെ ഒാർമയിൽ പ്രസംഗം പാതിയിൽ മുറിഞ്ഞ് പിണറായി

പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരത്തിന് ശേഷം ചേർന്ന അനുശോചന യോഗത്തിൽ വാക്കുകൾ ഇടറി, പ്രസംഗം പാതിയിൽ മുറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും വാക്കുകൾ പകുതിയിൽ മുറിഞ്ഞേക്കാമെന്നും പറഞ്ഞുതുടങ്ങിയ പിണറായി വിജയന് പ്രസംഗം പാതി വഴിയിൽ നിർത്തേണ്ടി വന്നു. ഇരിപ്പിടത്തിലേക്ക് മടങ്ങിയ പിണറായി വിതുമ്പുന്നത് കാണാമായിരുന്നു.

എങ്ങനെ തുടങ്ങണമെന്നതിനെക്കുറിച്ച് നിശ്ചയമില്ല എന്നു പറഞ്ഞാണ് പിണറായി പ്രസംഗം തുടങ്ങിയത്. 'ഇത്തരമൊരു യാത്രയയപ്പ് വേണ്ടിവരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ വാക്കുകൾ മുറിഞ്ഞേക്കാം. വാചകങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം. എപ്പോൾ അവസാനിപ്പിക്കേണ്ടിവരും എന്നതിനെക്കുറിച്ച് എനിക്ക് തന്നെ നിശ്ചയമില്ല. ആ ഒരു സാഹചര്യത്തിൽ അൽപം വഴിവിട്ട രീതിയിലാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്'-പിണറായി പ്രസംഗം തുടങ്ങിയത് ഇങ്ങിനെയായിരുന്നു.

Full View

കോടിയേരി ബാലകൃഷ്ണൻ രോഗാതുരനായപ്പോൾ അദ്ദേഹത്തെ കേരളത്തിലും കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും ചികിത്സിച്ച ഒട്ടേറെ ഡോക്ടർമാരുണ്ട്. അവരെല്ലാം വലിയ സ്വപ്‌നങ്ങളാണ് നൽകിയത്. അവരെല്ലാം കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. എല്ലാവർക്കും ഈ ഘട്ടത്തിൽ സി.പി.എമ്മിനു വേണ്ടി കൃതജ്ഞത രേഖപ്പെടുത്തുകയാണെന്ന് പിണറായി പറഞ്ഞു.

'അപ്പോളോ ആശുപത്രിയിലെത്തിയപ്പോൾ അവിടെയും വലിയ തോതിലുള്ള പരിചരണവും ശ്രദ്ധയുമാണ് ലഭിച്ചിരുന്നത്. പക്ഷെ, ചില കാര്യങ്ങൾ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലല്ലോ.. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരുന്നു. ആദ്യം അവർ നല്ല പ്രതീക്ഷയോടെയാണ് തുടങ്ങിയത്. ശരീരത്തിന്റെ അവസ്ഥ വളരെ അപകടകരമായ നിലയിലാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. എങ്കിലും പരമാവധി ശ്രമം അവർ നടത്തി.' -പിണറായി വിജയൻ തുടർന്നു.

നമ്മുടെ സമൂഹത്തിൽ മനുഷ്യനന്മ പൂർണമായി ഒഴിവായിട്ടില്ലെന്നു തെളിയിക്കുന്ന ചില സന്ദർഭങ്ങളാണ് ഇത്. ഞങ്ങളൊക്കെ വളരെ തിക്തമായ അനുഭവമുള്ള ആളുകളാണ്. പക്ഷെ, ഈ നന്മ അവശേഷിക്കുന്നുവെന്ന കാര്യം അപ്പോഴും മനസിലൊരു കുളിർമ നൽകുന്നു. കോടിയേരിയുടെ വേർപാട് ഞങ്ങളെയെല്ലാം ഏതു രീതിയിൽ വേദനിപ്പിച്ചോ, അതേ വികാരവായ്‌പ്പോടെ കേരള സമൂഹം ഏറ്റെടുക്കാൻ തയാറായി. അതിൽ മാധ്യമങ്ങൾ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. വിവിധ കാര്യങ്ങളിൽ പരസ്പരം കലഹിക്കുന്നവരും ശണ്ഠ കൂടുന്നവരും വലിയ തോതിലുള്ള അഭിപ്രായ ഭിന്നത പരസ്യമായി ഉന്നയിക്കുന്നവരുമാണ് രാഷ്ട്രീയ രംഗത്ത് ഞങ്ങളെല്ലാം. പക്ഷെ, സി.പി.എമ്മിന്റെ താങ്ങാനാവാത്ത ഈ കനത്ത നഷ്ടം ശരിയായ രീതിയിൽ തന്നെ ഉൾക്കൊണ്ടുകൊണ്ട്, ഒരുപക്ഷത്ത് എന്ന നിലയില്ലാതെ, കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും അനുശോചിച്ചു മുന്നോട്ടുവന്നു. ഇതും ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിയുന്നു. ഞങ്ങൾക്കു വന്ന ഈ വലിയ നഷ്ടത്തിൽ ഞങ്ങൾക്കൊപ്പം പങ്കുചേർന്നു ദുഃഖിക്കാൻ തയാറായ എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പിണറായി പറഞ്ഞു.


'കോടിയേരി സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടെന്നൊരു ദിവസവും അദ്ദേഹം ഇല്ലാതാകുന്നുവെന്ന വാർത്ത കേട്ടപ്പോഴുള്ള വികാരവായ്‌പ്പോടെയാണ്, പാർട്ടി സഖാക്കളും ബന്ധുക്കളും പാർട്ടിയെ സ്‌നേഹിക്കുന്നവരും പാർട്ടി കേരളത്തിൽ ശക്തമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെല്ലാം കോടിയേരിയെ അവസാനമായി കാണാൻ ഓടിയെത്തിയത്. ആ വികാരവായ്പ്പ്, അങ്ങേയറ്റം വികാരവിക്ഷുബ്ധമായ രംഗങ്ങൾ ഞങ്ങളെയാകെ വികാരം കൊള്ളിച്ചിരിക്കുകയാണ്'

'നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാനാണ് ഞങ്ങൾ ശ്രമിക്കാറുള്ളതെങ്കിലും ഇത് പെട്ടെന്നു പരിഹരിക്കാനാകുന്ന വിയോഗമല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, സഖാക്കൾക്കും പാർട്ടി ബന്ധുക്കൾക്കും പാർട്ടിയെ സ്‌നേഹിക്കുന്നവർക്കും ഞങ്ങൾക്ക് നൽകാനുള്ളത് ഒരു ഉറപ്പ് മാത്രമാണ്. ഈ നഷ്ടം വലുതാണെന്നതിൽ ഒരു സംശയവുമില്ല. പക്ഷെ, ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക' -പിന്നീട് തുടരാൻ പിണറായിക്കായില്ല. പ്രിയ സഖാവിന്റെ ഒാർമകൾ ഇരച്ചെത്തിയതോടെ, നികത്താനാകാത്ത ആ നഷ്ടത്തെ കുറിച്ചുള്ള ബോധ്യം വാക്കുകൾക്ക് തടയിട്ടതോടെ, അൽപ നേര​ത്തെ നിശ്ശബ്ദതക്ക് ശേഷം പിണറായി ഇരിപ്പിട​ത്തിലേക്ക് മടങ്ങി. അവിടെ അദ്ദേഹം വിതുമ്പുന്നത് കാണാമായിരുന്നു. 

Tags:    
News Summary - Pinarayi's emotional speech on Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.