െകാച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണക്കിരയായ പിതാവിനും എട്ടു വയസ്സുകാരിക്കും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഉദ്യോഗസ്ഥക്കെതിരെ കൂടുതൽ ശിക്ഷ ആവശ്യമില്ല. മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും സർക്കാർ വാദിച്ചു. സംഭവത്തിെൻറ വിഡിയോ ഹാജരാക്കാൻ നിർദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
പൊതുജനമധ്യത്തിൽ ഹരജിക്കാരിയെയും പിതാവിനെയും അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുെവന്നും മൗലികാവകാശം ഹനിച്ചുവെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി. മൊബൈൽ ഫോൺ കാണാതായ സമയത്ത് കാറിനോട് ചേർന്ന് കുട്ടിയുടെ പിതാവിനെ കണ്ടതുകൊണ്ടാണ് ഉദ്യോഗസ്ഥ ചോദ്യം ചെയ്തത്. എന്നാൽ, കുട്ടിക്കോ പിതാവിനോ നേരെ അപകീർത്തികരമായ വാക്കുകളൊന്നും പ്രയോഗിച്ചിട്ടില്ല. ഫോൺ പിന്നീട് ജീപ്പിനകത്തുതന്നെ കണ്ടുകിട്ടിയതിനെ തുടർന്ന് ആളുകൾ പൊലീസിനെ പരിഹസിക്കാൻ തുടങ്ങിയപ്പോൾ രംഗം വഷളാകുകയും കുട്ടി കരയുകയുമാണ് ചെയ്തത്. തെളിവുകളൊന്നുമില്ലാതിരിക്കെ പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ, ബാലനീതി നിയമം എന്നിവ പ്രകാരം ഉദ്യോഗസ്ഥക്കെതിരെ കേസെടുക്കാനാവില്ല.
മൊബൈൽ ഫോൺ മോഷണം ആരോപിച്ചത് അന്തസ്സോടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശം നിഷേധിക്കുന്ന രീതിയിലായിരുന്നെന്ന വാദം നിലനിൽക്കില്ല. ഭരണഘടന അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് തെളിഞ്ഞാൽ മാത്രമാണ് ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹത. ഈ കേസിൽ അങ്ങനെ സംഭവിച്ചിട്ടില്ല. മാന്യമായ പെരുമാറ്റത്തിൽ വീഴ്ചയുണ്ടായത് മാത്രമാണ് കുറ്റം. തിരുവനന്തപുരം ജില്ലക്കാരിയായ ഉദ്യോഗസ്ഥയെ കൊല്ലം സിറ്റി പൊലീസിലേക്ക് മാറ്റുകയും രണ്ടാഴ്ചേത്തക്ക് നല്ല നടപ്പ് പരിശീലനത്തിന് അയക്കുകയും ചെയ്തു. ഇത് അവർ ചെയ്ത കുറ്റത്തിന് മതിയായ ശിക്ഷയാണ്. കുട്ടിയുടെ മാനസികാവസ്ഥയിലുണ്ടായ മാറ്റം പരിഹരിക്കാൻ കൗൺസലിങ് ഒരുക്കിയിരുന്നു. തുടർന്ന് കുട്ടി സാധാരണ നിലയിലേക്ക് എത്തിയെന്നാണ് കൗൺസലറുടെ റിപ്പോർട്ട്. സിവിൽ നിയമപ്രകാരം ഹരജിക്കാർക്ക് പരിഹാരം കാണാം- വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.