കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത എട്ടു വയസ്സുകാരിക്കും പിതാവിനും ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരവും 25,000 രൂപ കോടതി ചെലവും നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാറിന്റെ അപ്പീൽ. പൊലീസ് ഉദ്യോഗസ്ഥയുടെ വീഴ്ചക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന വിധി നിയമപരമായി നിലനിൽക്കില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകിയത്.
2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നു മുക്ക് ജങ്ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചത്. രജിതയുടെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അപമാനിച്ചത്. മൊബൈൽ ഫോൺ പിന്നീട് പിങ്ക് പൊലീസിന്റെ കാറിൽനിന്ന് കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പിതാവ് മുഖേന പെൺകുട്ടി നൽകിയ ഹരജിയിലാണ് കഴിഞ്ഞ ഡിസംബർ 22ന് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക് ലോ റെമഡി പ്രകാരം ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരത്തിന് ഉത്തരവിട്ടത്.
പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും പെൺകുട്ടിയുടെ പിതാവിന്റെ പെരുമാറ്റവും സാഹചര്യവും അയാൾ എന്തോ നിയമവിരുദ്ധ പ്രവർത്തനം ചെയ്തെന്ന് ആർക്കും സംശയം തോന്നുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സർക്കാറിന്റെ അപ്പീലിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത് കണക്കിലെടുത്ത് സിംഗിൾബെഞ്ച് നഷ്ടപരിഹാരം നൽകണമെന്ന നിർദേശം ഒഴിവാക്കേണ്ടിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ആധികാരികതയില്ലാത്ത വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ മോശം വാക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിന് തെളിവില്ല. ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് കാരണമായ അന്വേഷണ റിപ്പോർട്ട് കോടതി കണക്കിലെടുത്തത് ഉചിതമായില്ല. സ്വന്തം മൊബൈൽ കാണാതെ പോയതിന് പൊലീസ് ഉദ്യോഗസ്ഥ സ്വീകരിച്ച തെറ്റായ നടപടിക്ക് സർക്കാറിന് നഷ്ടപരിഹാര ബാധ്യത ചുമത്തിയതിൽ ന്യായമില്ലെന്നും അപ്പീലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.