തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡിൽ അരമണിക്കൂറിലേറെ തടഞ്ഞുനിർത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ട്. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥയിൽനിന്ന് ഉണ്ടായിട്ടില്ല.
എങ്കിലും ജാഗ്രത പുലര്‍ത്തിയില്ല. പിതാവിനോടും മകളോടും ഇടപെടുന്നതില്‍ വീഴ്ചപറ്റി. സംഭവത്തെതുടർന്ന് രജിതയെ കൊല്ലം സിറ്റി പൊലീസിലേക്ക് സ്ഥലംമാറ്റുകയും രണ്ടാഴ്ചത്തെ പെരുമാറ്റം മെച്ചപ്പെടുത്തൽ പരിശീലനം ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തില്ലെന്നും ഡി.ജി.പി അനിൽകാന്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ്റിങ്ങൽ മൂന്നുമുക്ക് ജങ്ഷനിൽ ആറ്റിങ്ങൽ ഊരുപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകൾക്കുമാണ് പിങ്ക് പൊലീസിൽനിന്ന് ദുരനുഭവമുണ്ടായത്. പൊലീസ് വാഹനത്തിനടുത്ത് നിൽക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും രജിത തടഞ്ഞുനിർത്തി വാഹനത്തിൽനിന്ന് കവർന്ന ഫോൺ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ചിട്ടില്ലെന്ന് ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയടക്കം അധിക്ഷേപിച്ചു.
മോഷണം പോയതായി ആരോപിച്ച േഫാൺ ഒടുവിൽ കാറിനുള്ളിലെ രജിതയുടെ ബാഗിൽ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു. നടുറോഡിലെ വിചാരണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് െഎ.ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.