കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ശ്രീറാമിനെ മാറ്റി നിയമിച്ചതിനെ 'എന്തൊരു ശിക്ഷ!' എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്നക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ കുറിച്ച് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എഴുതിയ ഫേസ്ബുക്ക് പോസ്റ്റും അബ്ദുറബ്ബ് പങ്കുവെച്ചിട്ടുണ്ട്.
നിലവിൽ ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാമിന്റെ ഭാര്യയും ആലപ്പുഴ കലക്ടറുമായ ഡോ. രേണുരാജിനെ എറണാകുളം കലക്ടറായി മാറ്റി നിയമിച്ചു.
സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി.
ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!
എം.എം.മണി അന്ന് എഫ്.ബി പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.