കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജയിൽ മോചിനായ താഹയുടെ വീട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് സന്ദർശിച്ചു. പിണറായി പൊലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സർക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും ജയിലിൽ കഴിയേണ്ടി വന്നതെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. ''എൻ.ഐ.എ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പൊലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു താഹയുടെ മറുപടി. താഹയെ സി.പി.എം ജില്ല സെക്രെട്ടറി ഇസ്‌ലാമിക തീവ്രവാദി എന്നുവിളിച്ചപ്പോൾ ഇസ്‌ലാമോഫോബിയ വളർത്തുകയാണെന്ന് ആർക്കും തോന്നിയില്ല, സ്വർണ്ണക്കള്ളക്കടത്തിൽ പിടിക്കപ്പെടുമെന്നായപ്പോഴാണ് ഇസ്‌ലാമോഫോബിയ ഓർമവന്നത്'' -പി.കെ ഫിറോസ് കൂട്ടിച്ചേർത്തു.
പി.കെ. ഫിറോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
ജയിൽ മോചിതനായ താഹയുടെ വീട്ടിൽ യൂത്ത് ലീഗ് സഹപ്രവർത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സർക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലിൽ കഴിയേണ്ടി വന്നത്. UAPA ചുമത്താനുള്ള എല്ലാ സാഹചര്യവും പിണറായി സർക്കാർ ഒരുക്കിക്കൊടുത്തിരുന്നു. NIA അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.
NIA ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പോലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു മറുപടി. ജയിലിൽ വെച്ചും പീഢനമുണ്ടായി എന്ന് താഹ പറഞ്ഞു. ഇനി ജേർണലിസം പൂർത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോൾ താഹയുള്ളത്. സി.പി.എമ്മിന്റെ പ്രവർത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്‌ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരൻ തളർന്നു പോയത്.
അന്നൊന്നും ഇസ്‌ലാമോ ഫോബിയ വളർത്തുകയാണെന്ന് സി.പി.എമ്മിലെ ആർക്കും തോന്നിയില്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പാർട്ടി പ്രവർത്തകന്റെ ജീവിതം തകർക്കരുതെന്ന് പറയാൻ സി.പി.എമ്മിലെ ഒരു നേതാവും വായ തുറന്നില്ല. പക്ഷേ സ്വർണ്ണക്കള്ളക്കടത്തിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഇസ്‌ലാമോഫോബിയ വന്നു. വിശുദ്ധ ഖുർആൻ ഓർമ്മയിൽ വന്നു. മുസ്‌ലിം സംരക്ഷണത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു. ഭേഷ്...ബലേ ഭേഷ്...
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.