ചേലക്കര: മുനമ്പം വഖഫ് ഭൂമി വിഷയം രമ്യമായി പരിഹരിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ് ലിം ലീഗും യു.ഡി.എഫും മുനമ്പത്തെ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. പ്രശ്നപരിഹാരത്തിന് ലീഗ് മുന്നിട്ടിറങ്ങും. മുനമ്പത്തെ നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതെന്നും അനാവശ്യ പ്രശ്‌നമുണ്ടാക്കിയ സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് മുനമ്പത്തെ വില്ലനെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറൂഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്? പ്രശ്‌നം കോടതിയില്‍ പരിഹരിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞതിലൂടെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. ഇവിടെയാണ് പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞതും സര്‍ക്കാരിന്റെ നിലപാടും ഒന്നാകുന്നത്. പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കാന്‍ ശ്രമിച്ചതു പോലെ കേരളത്തില്‍ ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
എങ്ങനെയാണ് ഈ പ്രശ്‌നത്തെ വഖഫ് ആക്ടുമായി ബന്ധപ്പെടുത്തുന്നത്. 1995ലെ വഖഫ് ആക്ട് ഭേദഗതി നിലവില്‍ വന്ന് 26 വര്‍ഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായില്ല. 2021ല്‍ വഖഫ് ബോര്‍ഡാണ് റവന്യൂ വകുപ്പിനോട് കരം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. 26 വര്‍ഷം ഇവര്‍ എവിടെയായിരുന്നു? അന്നൊന്നും ഒരു അവകാശവാദവും ഉണ്ടായിരുന്നില്ലല്ലോ.
സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് യു.ഡി.എഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് കോടതിയില്‍ സ്വീകരിക്കാന്‍ വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ച് കോടതിയെ അറിയിക്കണം. ഇതൊന്നും ചെയ്യാതെ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.