അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാം എന്നത് അതിമോഹം -പി.കെ കുഞ്ഞാലിക്കുട്ടി

സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനാവശ്യ സമരങ്ങള്‍ പോലുമുണ്ടാക്കി, അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അധികാരത്തില്‍ വരുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അദ്ഭുതപ്പെടുത്തുന്നതാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

മുസ്‍ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരെയെല്ലാം ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ് കേസെടുത്തത്. ഇപ്പോള്‍ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് ഓര്‍മിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനുവരി 18ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ സേവ്​ കേരള മാർച്ചിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സമരക്കാരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന്​ മുന്നിൽ തെരുവുയുദ്ധമാണ്​ അരങ്ങേറിയത്​​. സമരക്കാർക്ക്​ നേരെ പൊലീസ്​ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്ര​യോഗിച്ചു. സംഘടിച്ചുനിന്ന പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിയടിയിലും നിരവധി പേർക്ക്​ പരിക്കേറ്റിരുന്നു.

നജീബ്​ കാന്തപുരം എം.എൽ.എ, യൂത്ത്​ലീഗ്​ ജനറൽ സെക്രട്ടറി പി.കെ ഫിറോസ്​, ഭാരവാഹികളായ പി. ഇസ്മായിൽ, ടി.പി.എം ജിഷാൻ, എം.എസ്​.എഫ്​ ഭാരവാഹികളായ പി.കെ. നജാഫ്​, അഫ്​നാസ്​ ചോറോട്​, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റും ഭിന്നശേഷിക്കാരനുമായ കെ.പി.എം. സലീം തുടങ്ങി 35ഓളം പേർക്ക്​​ പൊലീസ്​ നടപടിയിൽ പരിക്കേറ്റിരുന്നു. പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ കോടതിയിൽ ഹാജരാക്കിയ 28 സമരക്കാരാണ് റിമാൻഡിൽ കഴിയുന്നത്.

Tags:    
News Summary - PK Kunhalikutty's statement against PK Firos's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.