മലപ്പുറം: നാല് പതിറ്റാണ്ടിെൻറ മുസ്ലിം ലീഗ് രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം ഇനി പാർലമെൻറിൽ. ദേശീയ രാഷ്ട്രീയത്തിൽ ലീഗിെൻറ നാവായിരുന്ന ഇ. അഹമ്മദിന് പകരക്കാരനെ തേടേണ്ട സാഹചര്യമുണ്ടായപ്പോൾ കൂടുതൽ ചർച്ചക്ക് വഴിവെക്കാതെതന്നെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ലക്ഷ്യമിട്ടത് ഇപ്പോൾ നേടിയ ഭൂരിപക്ഷം തന്നെയായിരുന്നു. 27ാം വയസ്സിൽ മലപ്പുറം നഗരസഭ ചെയർമാനായി അവരോധിതനായ കുഞ്ഞാലിക്കുട്ടിയുടെ പിന്നീടുള്ള രാഷ്ട്രീയ നേട്ടങ്ങൾ പാർട്ടിയുടെത് കൂടിയായിരുന്നു. പാണക്കാട് കുടുംബവുമായുള്ള ആത്മബന്ധത്തിലൂടെ േചാദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വളർന്ന അദ്ദേഹം പ്രവർത്തകരുമായി സൂക്ഷിച്ച സൗഹൃദത്തിലൂടെ എതിർപ്പുകൾ ഇല്ലാതാക്കി. ലീഗിെൻറ അമരക്കാരനായപ്പോൾതന്നെ യു.ഡി.എഫിെൻറ അനിഷേധ്യ നേതൃത്വവും കുഞ്ഞാലിക്കുട്ടിയുടെ കരങ്ങളിൽ ഭദ്രമായിരുന്നു. കുറച്ചു വർഷങ്ങളായി സമവായത്തിെൻറ വക്താവാണ് അദ്ദേഹം. കെ.എം. മാണി യു.ഡി.എഫ് വിട്ടിട്ടും ബന്ധം തുടർന്ന യു.ഡി.എഫിലെ ഒരേയൊരു നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ.
കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുേമ്പാൾ യു.ഡി.എഫിൽ ശൂന്യതയുണ്ടാവുക സ്വാഭാവികം. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പും വരുന്നുണ്ട്. സർക്കാറിനെതിരെ തന്ത്രം മെനയാനും സമരം നയിക്കാനും ഇനി കുഞ്ഞാലിക്കുട്ടി ഉണ്ടാകില്ലെന്നതും യു.ഡി.എഫിന് ക്ഷീണമുണ്ടാക്കും. എന്നാൽ, ഡൽഹിയിലേക്ക് പറന്നാലും കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്ന ഹൈദരലി തങ്ങളുടെ സാന്ത്വനപ്പെടുത്തലിലാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. മലപ്പുറം ഉൗരകം പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനാണ് കുഞ്ഞാലിക്കുട്ടി. ബി.കോമും ബിസിനസ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമയും എടുത്തു. 1980ൽ മലപ്പുറം നഗരസഭ ചെയർമാനായി. ഏഴ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ’82, ’87 മലപ്പുറം, ’91, ’96, 2001 വർഷങ്ങളിൽ കുറ്റിപ്പുറം, 2011, 2016 വർഷങ്ങളിൽ വേങ്ങര എന്നിവിടങ്ങളിൽ നിന്നാണ് നിയമസഭയിലെത്തിയത്. ’91, 2001, 2011 വർഷങ്ങളിലെ യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. 2006ൽ കുറ്റിപ്പുറത്ത് കെ.ടി. ജലീലിനോട് പരാജയപ്പെട്ടതൊഴിച്ചാൽ മത്സരത്തിൽ വീഴ്ച ഉണ്ടായിട്ടില്ല. കെ.എം. കുല്‍സുവാണ് ഭാര്യ. മക്കൾ: ആഷിഖ്, ലസിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.