ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ല, ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ ഖേദിക്കുന്നു -പി.കെ. നവാസ്‌

മലപ്പുറം: ഹരിത നേതാക്കൾ ആരോപിക്കുന്നത്​ പോലെ ആരെയും വ്യക്​തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ലെന്ന്​ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്. 'ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു' -എന്നാണ്​ നവാസ്​ ഫേസ്​ബക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത്​.

നവാസ്​ മാപ്പ്​ പറയുമെന്നായിരുന്നു മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്ന്​ രാവിലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഹരിത, എം.എസ്​.എഫ്​ നേതാക്കളെ വിളിച്ചുചേർത്ത്​ മുസ്​ലിം ലീഗ്​ നേതൃത്വം ഇന്നലെ നടത്തിയ അനുരഞ്​ജന യോഗത്തിലെ തീരുമാനമായാണ്​ ഇക്കാര്യം അറിയിച്ചത്​. വിവാദത്തിനാധാരമായ കാര്യം പൂർണമായും നിഷേധിച്ചാണ്​ നവാസിന്‍റെ കുറിപ്പ്​. അതേസമയം, എങ്ങുംതൊടാതെയുള്ള ഖേദപ്രകടനത്തിൽ ഒതുക്കിയത്​ 'ഹരിത' നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ നവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിക്കി​െലന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്​ ഹരിത നേതൃത്വം.

കഴിഞ്ഞയാഴ്ച നവാസ് അടക്കമുള്ളവരോട് വിശദീകരണം ചോദിക്കുകയും ഹരിതയെ മരവിപ്പിക്കുകയുമാണ് ലീഗ് ചെയ്തത്. മലപ്പുറത്ത് ബുധനാഴ്ച രാത്രി വൈകിയും ഇരുവിഭാഗവുമായി നേതാക്കൾ ചർച്ച നടത്തി. ഒടുവിൽ നടപടി വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പാർട്ടി.

ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡൻറ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

നവാസിന്‍റെ ഫേസ്​ബുക്​ കുറിപ്പിന്‍റെ പൂർണരൂപം:

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമർശങ്ങൾ നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം. പരാതിയിൽ പരാമർശിക്കപ്പെട്ട യോഗത്തിൽ ആരെയും വ്യക്​തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ല. സ്ത്രീകളോടും മുതിർന്നവരോടും കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും.

എന്നാൽ എൻ്റെ സംസാരത്തിൽ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവർത്തകരായ ഹരിത ഭാരവാഹികൾ നേതൃത്വത്തിന് നൽകിയിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ നേതാക്കൾ ഉത്തരവാദിത്വപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല. വീണ്ടും ഇതേ വിഷയത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് പാർട്ടി നേതാക്കൾ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ അവസാനിക്കാൻ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.

പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാതിരുന്നതും സോഷ്യൽ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്‍റെ പാർട്ടിയുടെ അച്ചടക്കത്തിന്‍റെയും നേതാക്കളുടെ നിർദ്ദേശത്തിന്‍റെയും ഭാഗമായിട്ടായിരുന്നു. ഇന്ന് വിഷയത്തിൽ പാർട്ടി തീർപ്പ് കൽപ്പിച്ചിരിക്കുന്നു.

പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ. തിരഞ്ഞെടുപ്പാനന്തര മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നിൽക്കട്ടെ. താലിബാൻ ലീഗെന്നും, സ്ത്രീ വിരുദ്ധ പാർട്ടിയെന്നുമുള്ള പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവർത്തകരുടെ ഹൃദയമാണ്. അവരിൽ ഒരുവനായി ആ വേദനയെ ഉൾക്കൊള്ളുന്നു.

പികെ നവാസ്‌

(പ്രസിഡന്റ്, msf കേരള)

Tags:    
News Summary - PK navas response about Haritha Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.