പാലക്കാട്: എല്ലാ തരത്തിലും ശക്തനായി പാലക്കാെട്ട സി.പി.എമ്മിൽ നിറഞ്ഞുനിന്ന പി.കെ. ശശ ി എം.എൽ.എയുടെ സസ്പെൻഷൻ വന്മരത്തിെൻറ കടപുഴകലെന്നത് തർക്കമില്ലാത്ത കാര്യം. കാർക്കശ്യവും വിഭാഗീയതയും കൈമുതലാക്കി ജില്ലയിലെ ഔദ്യോഗികപക്ഷത്തിെൻറ അമരത്തേക്കുയർന്ന ശശിയുടെ മടങ്ങിവരവ് ദുഷ്കരമായിരിക്കുമെന്നതാണ് സൂചനകൾ. സംരക്ഷിക്കാൻ ജില്ല-സംസ്ഥാന നേതൃത്വം താൽപര്യമെടുത്താൽ പോലും എതിർപ്പിന് സാധ്യതകൾ ഏറെയാണ്.
മുൻകാലങ്ങളിൽ ശശിയുടെ അപ്രീതിക്ക് പാത്രമായവരെല്ലാം ഒരുമിക്കുമെന്നതിെൻറ സൂചനകൾ ഇപ്പോൾ തന്നെ പ്രകടമാണ്. ഫലത്തിൽ പാലക്കാട്ടെ സി.പി.എമ്മിലെ ‘ശശിയുഗ’ത്തിന് അച്ചടക്ക നടപടിയോടെ തിരശ്ശീല വീഴുമെന്ന് കരുതുന്നവരാണ് പാർട്ടിയിൽ നല്ലൊരു പങ്കും.
അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഏറെക്കുറെ തീർച്ചയായപ്പോഴും വിഷയം തരംതാഴ്ത്തലിൽ ഒതുങ്ങുമെന്ന സൂചനയായിരുന്നു ഉണ്ടായിരുന്നത്. ഇതിനെ ശശി എളുപ്പത്തിൽ മറികടന്ന് പൂർവാധികം ശക്തി പ്രാപിക്കുമെന്നും ഒരു വിഭാഗം നേതാക്കൾ കരുതിയിരുന്നു. എന്നാൽ, സസ്പെൻഷൻ താണ്ടിയുള്ള മടങ്ങിവരവിൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല.വൈകിയാലും ശക്തമായ നടപടി കൈക്കൊണ്ടതിൽ പരാതിക്കാരിക്കൊപ്പമുള്ള നേതാക്കൾ സംതൃപ്തരാണ്. ജില്ല നേതൃത്വവും സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗവും എം.എൽ.എക്കൊപ്പം ഉറച്ചുനിന്നിട്ടും അച്ചടക്കനടപടി യാഥാർഥ്യമായത് പരസ്യപ്രതികരണത്തിന് പോലും തയാറാവാതിരുന്ന പരാതിക്കാരിയുടെ നിശ്ചയദാർഢ്യം മൂലമാണ്.
അച്ചടക്ക നടപടിക്ക് ശേഷവും വലിയ തോതിലുള്ള പ്രതികരണത്തിന് പരാതിക്കാരി തയാറായിട്ടില്ല. തുടർ നടപടികളുമായി മുന്നോട്ടുപോവാൻ സാധ്യതയില്ലെന്നാണ് ഇവരോടൊപ്പം നിൽക്കുന്ന നേതാക്കൾ പറയുന്നത്.
ഇത് രണ്ടാം തവണ
പാലക്കാട്: പി.കെ. ശശി അച്ചടക്ക നടപടിക്ക് വിധേയനാകുന്നത് രണ്ടാം തവണ. സി.പി.എം മണ്ണാർക്കാട് ഏരിയ സെക്രട്ടറിയായിരിക്കെ 1992ലാണ് ആദ്യ നടപടിയുണ്ടായത്. പ്രാദേശിക വിഭാഗീയതയുടെ പേരിലായിരുന്നു അത്. അന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തി. 1976 മുതൽ 1982 വരെ എസ്.എഫ്.ഐ ജില്ല ഭാരവാഹിയായിരുന്നു ശശി. ’89ൽ ജില്ല കമ്മിറ്റിയിലും 2001ൽ ജില്ല സെക്രേട്ടറിയറ്റിലും അംഗമായി. പിണറായി സംസ്ഥാന സെക്രട്ടറിയായപ്പോൾ ജില്ലയിലെ ഔദ്യോഗിക പക്ഷ നേതാവായിരുന്നു. 2004ലെ ജില്ല സമ്മേളനത്തിൽ വി.എസ് പക്ഷം ശശിയെ തോൽപിച്ചു. എന്നാൽ, അത് വിഭാഗീയതയാണെന്ന ഔദ്യോഗിക പക്ഷത്തിെൻറ വിലയിരുത്തലിനെ തുടർന്ന് ജില്ല കമ്മിറ്റിയിൽ തിരിച്ചെത്തി. 2007 മുതൽ ജില്ല സെക്രേട്ടറിയറ്റ് അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.