കോപ്പിയടി ആരോപണം:പരാതിക്കാരിക്കെതിരെ മോശം പരാമർശവുമായി കാലിക്കറ്റ്​ സിൻഡിക്കേറ്റ്​

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയിൽ റഷ്യൻ ആൻഡ്​ കംപാരിറ്റീവ്​ ലിറ്ററേച്ചർ പഠനവകുപ്പിലെ അസി.പ്രഫസർ ശ്രീകല മുല്ലശേരി​ ഗവേഷണ പ്രബന്ധം ​കോപ്പിയടിച്ചതായ ആരോപണത്തിൽ പരാതിക്കാരി​ക്കെതിരെ മോശം പരാമർശവുമായി സിൻഡി​ക്കേറ്റ്​.

പരാതി നൽകിയ ഡോ. ആൻസി ഭായിക്കെതിരെയാണ്​ ഡിസംബർ 30ന്​ നടന്ന സിൻഡിക്കേറ്റ്​ യോഗത്തിന്‍റെ മിനിറ്റ്​സിൽ തെറ്റായ ആരോപണങ്ങൾ രേഖപ്പെടുത്തിയത്​. ശ്രീകലയുടെ ഗവേഷണപ്രബന്ധം 67 ശതമാനവും കോപ്പിയടിയാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആൻസി രേഖാമൂലം വ്യക്തമാക്കിയിരുന്നു. ലിയോ ടോൾസ്റ്റോയിയുടെ നോവലുകളിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ കുറിച്ചുള്ളതായിരുന്നു ഗവേഷണ പ്രബന്ധം.

മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശപ്രകാരം സിൻഡിക്കേറ്റ്​ യോഗം പരിഗണിച്ച അജണ്ടയിൽ പരാതിക്കാരിയായ ആൻസിക്കെതിരെ അന്വേഷണം നടത്താനുള്ള വിചിത്ര തീരുമാനമായിരുന്നു സിൻഡിക്കേറ്റിന്‍റേത്​. ചട്ടങ്ങൾ പാലിച്ച്​ സർവകലാശാല നടത്തിയ നിയമനങ്ങളെ സംബന്ധിച്ച്​ റാങ്ക്​പട്ടികയിൽ താഴെയുള്ള ഉദ്യോഗാർഥി തനിക്ക്​ മുകളിൽ പട്ടികയിലുള്ളവരെല്ലാം അയോഗ്യരാണെന്ന്​ നിശ്ചയിച്ച്​ തയാറാക്കിയ പരാതിയാണെന്ന്​ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മിനിറ്റ്​സിൽ വ്യക്തമാക്കുന്നു. ജോലി നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും സിൻഡിക്കേറ്റ്​ ആരോപിക്കുന്നു.

വനിതയും പട്ടികജാതിക്കാരിയുമായ തനിക്കെതിരെ ഏകപക്ഷീയമായാണ്​ സിൻഡിക്കേറ്റിന്‍റെ നടപടിയെന്ന്​ ഡോ. ആൻസി ഭായ്​ ആരോപിച്ചു. വിശദമായി നൽകിയ പരാതിയിലുള്ള വാദങ്ങളോ തെളിവുകളോ പരിശോധിച്ചിരുന്നില്ല. ​മിനിറ്റ്​സിലെ വാചകങ്ങൾ പരസ്യമായ അവഹേളനമാണ്​. തനിക്കെതിരായ പരാതി അന്വേഷിക്കുന്ന ടോം കെ. തോമസ്​, കെ.കെ ഹനീഫ, ഡോ. എം. മനോഹരൻ എന്നിവർ പ്രബന്ധവുമായി ബന്ധമുള്ള വിഷയമായ താരതമ്യ സാഹിത്യത്തിലോ സാഹിത്യപഠനത്തിലോ ഗവേഷണ ബിരുദം ഇല്ലാത്തവരാണ്​.

ഈ കമ്മിറ്റിയെ ചുമതലപ്പെടു​ത്തിയത്​ ശ്രീകല മുല്ല​ശ്ശേരിയെ രക്ഷിക്കാനാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കോപ്പിയടി വിഷയം നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്​. എതിർകക്ഷികൾക്ക്​ സത്യവാങ്​മൂലം സമർപ്പിക്കാൻ കോടതി സമയമനുവദിച്ചിരിക്കുകയാണ്. വർഷങ്ങളായി സി.പി.എമ്മിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന താനും കുടുംബവും മോസ്​കോപാറ ബ്രാഞ്ച്​ കമ്മിറ്റിക്കും തേഞ്ഞിപ്പലം, പള്ളിക്കൽ ലോക്കൽ കമ്മിറ്റികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായി​ല്ലെന്നും ഡോ. ആൻസി ഭായ്​ ആ​രോപിച്ചു.

Tags:    
News Summary - plagarism allegation: Calicut university Syndicate with bad reference to the complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.