തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പ്ലാൻ ഫണ്ടിൽ കൈവെച്ചുള്ള സർക്കാറിന്റെ ‘പ്ലാൻ ബി’ നീക്കം മരാമത്ത് അടക്കം മിക്ക വകുപ്പുകളുടെയും പ്രവർത്തനങ്ങൾ അവതാളത്തിലാകും. ക്ഷേമ പ്രവർത്തനങ്ങൾക്കും നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കും വക കണ്ടെത്തുന്നതിനാണ് പദ്ധതി വഹിതം നേർപകുതിയായി ചുരുക്കിയുള്ള മുണ്ടുമുറുക്കൽ.
വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്ന വിഹിതമായ പ്ലാന്‍ ഫണ്ട് വെട്ടിക്കുറക്കുന്നത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സ്തംഭനാവസ്ഥ സൃഷ്ടിക്കും. തെരഞ്ഞെടുപ്പ് പരാജയപ്പെടലിന്റെ പശ്ചാത്തലത്തിൽ വികസനത്തിൽനിന്ന് തൽക്കാലത്തേക്ക് മുഖംതിരിച്ച് ക്ഷേമത്തിന് മുൻഗണന നൽകിയതിലൂടെ ഭരണ നയം മാറ്റം കൂടിയാണ് വെളിപ്പെടുന്നത്.
തീരുമാനം തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കും. പട്ടികജാതി, വർഗ വിഭാഗങ്ങൾക്കുള്ള വികസന ഫണ്ടിലും കുറവ് വരും. ഇരു വിഭാഗങ്ങൾക്കുമായി 13 ശതമാനത്തോളമാണ് പദ്ധതി വഹിതം. റോഡുകളുടെയും പാലങ്ങളുടെയും അടക്കം നിർമാണവും നവീകരണവും നിലയ്ക്കും. ഫലത്തിൽ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്കൊഴികെ മറ്റ് വകുപ്പുകളിലെല്ലാം വെട്ടിക്കുറക്കലിന്റെ ആഘാതം പ്രതിഫലിക്കും.
ഈ രണ്ട് വകുപ്പുകളിലും നോൺ പ്ലാൻ ഫണ്ട് വഴിയുള്ള പ്രവർത്തനങ്ങളാണ് അധികവും. ധനഞെരുക്കമുണ്ടായ സാഹചര്യത്തിൽ ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതെ ക്രമീകരണം നടത്താൻ നിർബന്ധിതമായി എന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. കൃഷി, ഗതാഗതം, ഗ്രാമീണവികസനം, ജലസേചനം, വൈദ്യുതി, സാമൂഹിക നവീകരണം, ശാസ്ത്രസാങ്കേതികം തുടങ്ങി പന്ത്രണ്ടോളം മേഖലകളിലായാണ് ആസൂത്രണ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതി ഫണ്ട് വകമാറ്റി ശമ്പളം, പെന്ഷന്, പലിശ എന്നിവ ഉള്‍പ്പെടെയുള്ള റവന്യൂ ചെലവുകള്‍ക്കായി മാറ്റുന്ന പ്രവണത കഴിഞ്ഞ ഏതാനും വർഷങ്ങളായുണ്ട്. സാധാരണ സാമ്പത്തിക വർഷം അവസാനിക്കുന്ന പാദത്തിലാണ് ഇത്തരം വകമാറ്റലുകൾ. എന്നാൽ സാമ്പത്തിക വർഷം തുടങ്ങി അധികം പിന്നിടുംമുന്നേയാണ് ഇൗ കൈവെക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.