തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് നൽകുന്നത് സാധ്യമാക്കാൻ നിയമനിർമാണം നടത്താൻ മന്ത്രിസഭയോഗം തീരുമാനിച്ചു. 1973ലെ ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പുകളിൽ ഭേദഗതി വരുത്തണമെന്ന ഹൈകോടതി രജിസ്ട്രാറുടെ ശിപാർശയിലാണ് നിയമനിർമാണം. 69, 91 വകുപ്പുകളിലാകും ഭേദഗതി.
സാക്ഷികൾക്ക് ഹാജരാകുന്നതിന് തപാൽ വഴി സമൻസ് അയക്കുന്നതുമായി ബന്ധപ്പെട്ടും ഏതെങ്കിലും വ്യക്തികളിൽനിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ഹാജരാക്കാൻ അറിയിപ്പ് നൽകുന്നതുമായും ബന്ധപ്പെട്ടാണ് ഈ വകുപ്പുകൾ. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസ് അയക്കണമെങ്കിൽ പ്രത്യേക നിയമനിർമാണം വേണമായിരുന്നു.
സംസ്ഥാന കോർട്ട് മാനേജ്മെൻറ് സിസ്റ്റം കമ്മിറ്റിയുടെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ഹൈകോടതി രജിസ്ട്രാർ സർക്കാറിന് ശിപാർശ സമർപ്പിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സമൻസയക്കുന്ന സംവിധാനമുണ്ടായാൽ മേൽവിലാസങ്ങളിലെ പ്രശ്നങ്ങൾ മൂലം സമൻസ് മടക്കുന്ന പ്രശ്നങ്ങൾക്കുൾപ്പെടെ പരിഹാരമാകും. തപാൽ മുഖേന സമൻസ് അയക്കുന്നതിനുണ്ടാകുന്ന സമയനഷ്ടവും പരിഹരിക്കപ്പെടും. സി.ആർ.പി.സിയുടെ 69, 91 വകുപ്പുകളിൽ ഭേദഗതി വരുത്തിയാലേ നടപ്പാകൂ എന്നതിനാലാണ് നിയമനിർമാണ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.