പഴയങ്ങാടി: ഗൾഫ് രാജ്യങ്ങളിലെ വിദ്യാലയ അവധിയിൽ ഓണവും ബലിപെരുന്നാളും ആഘോഷിക്കാൻ നാട്ടിലെത്തിയവർ വിമാന കമ്പനികളുടെ ആകാശകൊള്ളയിൽ യാത്രാ ചെയ്യാൻ കഴിയാതെ നെട്ടോട്ടത്തിൽ. സെപ്റ്റംബർ ഒന്നിന് ഗൾഫിലെ വിദ്യാലയങ്ങൾ അവധിക്കാലം കഴിഞ്ഞു തുറക്കുന്ന അവസരം മുതലെടുത്ത് ആഗസ്ത് 25 മുതൽ സപ്തംബർ 10 വരെയുള്ള കാലയളവിലാണ് യു.എ.ഇ.യിലേക്ക് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മലയാളികൾ ആശ്രയിക്കുന്ന കർണാടകയിലെ മംഗലാപുരം വിമാനത്താവളത്തിൽ നിന്നുമായി ആറു മുതൽ പത്തിരട്ടിവരെ യാത്രാനിരക്ക് വർധിപ്പിച്ചത്.
ആഗസ്ത് 31നു കോഴിക്കോട് നിന്നു അബൂദാബിയിലേക്ക് ദേശീയ വിമാനകമ്പനിയുടെ ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്പ്രസ്സ് ഈടാക്കുന്നത് 33,435 രൂപയാണ്. െസപ്തംബർ പത്ത് വരെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് അബൂദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്ക് യാത്രാ നിരക്ക് 27,000 മുതൽ 39000 രൂപ വരെയാണ്. എയർ ഇന്ത്യ, ജെറ്റ് എയർ വേസ്, ഇത്തിഹാദ് എയർ വേസ് എന്നിവ ഈടാക്കുന്നത് 31,000 മുതൽ 42,000 രൂപ വരെയും.
ഇതര ബഡ്ജറ്റ് എയർലൈനുകളായ ഇൻറിഗോ, സ്‌പൈസ് ജെറ്റ്, എയർ അറേബ്യാ വിമാനങ്ങകളും യാത്ര നിരക്ക് പത്തിരട്ടി വരെ വർധിപ്പിച്ചിട്ടുണ്ട്. ഖത്തർ, കുവൈത്ത്, ജിദ്ദ, ദമാം എന്നീ വിമാനത്താവളങ്ങളിലേക്ക് എല്ലാ വിദേശ കമ്പനികളും നിരക്ക് പത്തും 12ഉം ഇരട്ടി വർധിപ്പിച്ചാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. ചില ക്ലാസ്സുകളിലാവട്ടെ 76,000 രൂപ വരെ തങ്ങളുടെ വെബ്‌സൈറ്റിൽ നിരക്ക് നൽകിയിട്ടുണ്ട്.
െസപ്തംബറിൽ പതിവു തിരക്ക് മുന്നിൽ കണ്ട് വിമാനകമ്പനികൾ മാസങ്ങൾക്കു മുമ്പ് തന്നെ വൻ നിരക്കിൽ ടിക്കറ്റ് വിൽപന നടത്തിയിരുന്നു. പെരുന്നാളും ഓണവും ഒന്നിച്ചു വന്നതോടെ യാത്ര നിരക്ക് ഒരു ഉപാധിയുമില്ലാതെ വീണ്ടും വർധിപ്പിക്കുകയായിരുന്നു. ടിക്കറ്റ് വിൽപ്പന പൂർത്തിയായതിനാൽ റിസർവേഷൻ നിർത്തലാക്കിയ വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ച് യാത്ര ദിവസത്തിെൻറ മൂന്ന് നാൾ മുമ്പ് മാത്രം സൈറ്റിൽ നൽകുന്ന പുതിയ അടവ് പ്രയോഗിക്കുന്നതായും വ്യാപക പരാതിയുയരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.