തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകർ പുറത്തുതന്നെ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ ഇനി അവശേഷിക്കുന്നത് കേവലം 655 സീറ്റുകൾ മാത്രം. 4,65,219 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെൻറുകളും പൂർത്തിയായപ്പോൾ 2,69,533 പേർക്കാണ് പ്രവേശനം ഉറപ്പായത്.
രണ്ടാം അലോട്ട്മെൻറിൽ 69,642 പേർക്ക് പുതുതായി അലോട്ട്മെൻറ് ലഭിച്ചു. ആദ്യഘട്ടത്തിൽ അവശേഷിച്ചിരുന്ന സീറ്റുകളിലേക്കും ഒന്നാം അലോട്ട്മെൻറിൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരും പ്രവേശനം വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടതുമായ സീറ്റുകളാണ് രണ്ടാം ഘട്ടത്തിലേക്ക് പരിഗണിച്ചത്. രണ്ടാം അലോട്ട്മെേൻറാടെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിലെ 99.76 ശതമാനം മെറിറ്റ് സീറ്റുകളും നികത്തപ്പെട്ടുകഴിഞ്ഞു.
അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്ത 1,95,686 പേർക്ക് എയ്ഡഡ് ഹയർ സെക്കൻഡറികളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് േക്വാട്ട സീറ്റുകളും ഫീസ് നൽകി പഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റും മാത്രമാണ് അവശേഷിക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ടകളിൽ ആനുപാതിക സീറ്റ് വർധന ഉൾപ്പെടെ പരിഗണിച്ചാൽ 68,200ഒാളം സീറ്റുകളാണുള്ളത്. മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ പരിഗണിച്ചാൽ പോലും സീറ്റില്ലാത്ത 1,95,686 പേരിൽ 1.27 ലക്ഷം കുട്ടികൾ പുറത്താകും. ഇവർക്ക് മുന്നിൽ അവശേഷിക്കുന്ന മാർഗം ഫീസ് കൊടുത്തുപഠിക്കേണ്ട അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളാണ്. കഴിഞ്ഞ വർഷം 27,987 അൺ എയ്ഡഡ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഫലത്തിൽ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ സീറ്റ് ലഭിക്കാത്തവർ ഒാപൺ സ്കൂളിനെ ആശ്രയിക്കുകയേ ഇത്തവണയും നിർവാഹമുള്ളൂ.
സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബാച്ചോ സ്കൂളോ അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുമുണ്ട്. എല്ലാവർക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനത്തിനപ്പുറം സീറ്റ് വർധിപ്പിക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല. പകുതിയലധികം സീറ്റ് ഒഴിഞ്ഞുകിടക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.