തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നാല് അലോട്ട്മെന്റുകൾ പൂർത്തിയാക്കി അവസാന ഘട്ടത്തിലെത്തിയപ്പോൾ മതിയായ കുട്ടികളില്ലാതെ 64 ബാച്ചുകൾ. മലബാർ ജില്ലകളിൽ ഇപ്പോഴും ആയിരക്കണക്കിന് വിദ്യാർഥികൾ സീറ്റിനായി അപേക്ഷ പുതുക്കി കാത്തുനിൽക്കുമ്പോഴാണ് മറ്റു പല ജില്ലകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളില്ലാത്ത ബാച്ചുകൾ നിലനിൽക്കുന്നത്.
ബാച്ച് നിലനിർത്താൻ വേണ്ട ചുരുങ്ങിയ കുട്ടികളുടെ എണ്ണം 25 ആണ്. ഇതിൽ താഴെ വിദ്യാർഥി പ്രവേശനം നടക്കുന്ന ബാച്ചുകളാണ് കുട്ടികളില്ലാത്ത ബാച്ചുകളായി എണ്ണുന്നത്. കുട്ടികളില്ലാത്ത 63 ബാച്ചുകളിൽ 22 എണ്ണവും പത്തനംതിട്ട ജില്ലയിലാണ്. സീറ്റ് ക്ഷാമമുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കുട്ടികളില്ലാത്ത ബാച്ചുകളില്ല. ആലപ്പുഴയിൽ 11ബാച്ചുകളിലും ഇടുക്കിയിൽ ഒമ്പത് എണ്ണത്തിലും എറണാകുളത്ത് ഏഴെണ്ണത്തിലും മതിയായ കുട്ടികളില്ല. കൊല്ലം ജില്ലയിൽ അഞ്ചും തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, വയനാട് ഒന്ന്, കണ്ണൂർ നാല്, കാസർകോട് മൂന്ന് എന്നിങ്ങനെയാണ് കുട്ടികളില്ലാത്ത ബാച്ചുകൾ. കഴിഞ്ഞവർഷം 105 ബാച്ചുകളാണ് മതിയായ കുട്ടികളില്ലാത്തതായി കണ്ടെത്തിയത്. ഇതിൽ ഒരേ വിഷയ കോമ്പിനേഷനിൽ ഒന്നിൽ അധികമുള്ള ബാച്ചുകൾ എന്ന നിലയിൽ സർക്കാർ സ്കൂളുകളിലെ 14 എണ്ണം മലപ്പുറം ജില്ലയിലേക്ക് മാറ്റിയിരുന്നു. എയ്ഡഡ് സ്കൂളുകളിൽ 15 എണ്ണം കുട്ടികളില്ലാത്തതായി ഉണ്ടായിരുന്നെങ്കിലും തൊട്ടില്ല. മൂന്ന് പ്രധാന അലോട്ട്മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്മെന്റും ഇതിനകം പൂർത്തിയാക്കി. അവശേഷിക്കുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 23ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. 24, 25 തീയതികളിൽ പ്രവേശനവും നടക്കും. ഇതിനുശേഷം ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കും. ട്രാൻസ്ഫർ ഘട്ടം പൂർത്തിയാകുന്നതോടെ കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണത്തിൽ വർധന വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.