മലപ്പുറം: പ്ലസ് വണിന് മൂന്നാം അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും 81,022 അപേക്ഷകരിൽ 33,598 പേർ സീറ്റ് കിട്ടാതെ പുറത്ത്. മൂന്നാം ഘട്ടത്തിൽ ആകെ 47,424 പേർക്കാണ് പ്രവേശനം ലഭിച്ചത്. 47,428 സീറ്റിലേക്കായിരുന്നു പ്രവേശനം നടന്നത്. ഇതിൽ നാല് സീറ്റുകളുടെ അലോട്ട്മെന്റ് പൂർത്തിയായിട്ടില്ല.
ഈഴവ -തിയ്യ, എസ്.സി വിഭാഗങ്ങളിലാണ് രണ്ട് വീതം സീറ്റുകൾ ഒഴിവ് വന്നത്. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായതോടെ ജില്ലയിൽ ജനറൽ വിഭാഗത്തിലെ 35,058 സീറ്റുകളും നിറഞ്ഞു. ജനറലിൽ ആദ്യം അനുവദിച്ച 22,386ഉം പുതുക്കി അനുവദിച്ച 12,672ഉമടക്കം 35,058 സീറ്റുകളാണ് അലോട്ട്മെന്റിൽ നിറഞ്ഞത്.
സംവരണ വിഭാഗത്തിൽ മുസ്ലിം 2809, ഭിന്നശേഷിയിലെ 660, ഒ.ഇ.സിയിൽ 12, വിശ്വകർമ 751 സീറ്റുകളും അലോട്ട്മെന്റിൽ പൂർണമായി. ഈഴവ -തിയ്യ വിഭാഗത്തിൽ 2914 സീറ്റിൽ രണ്ടും എസ്.സി വിഭാഗത്തിലെ 4064ൽ രണ്ടും സീറ്റ് വീതമാണ് ഒഴിഞ്ഞ് കിടക്കുന്നത്.എൽ.എസ്.എ വിഭാഗത്തിൽ 29, ക്രിസ്ത്യൻ ഒ.ബി.സി 18, ഹിന്ദു ഒ.ബി.സി 445, എസ്.ടി 208, കാഴ്ചപരിമിതർ 21, ധീവര ആറ്, കുശവൻ 66, കുടുമ്പി രണ്ട്, മുന്നാക്ക പിന്നാക്കം 365 എന്നിങ്ങനെയാണ് പ്രവേശനം നേടിയത്. മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ടവരുടെ പ്രവേശന നടപടി ശനിയാഴ്ച മുതൽ നടക്കും.
മലപ്പുറം: മൂന്ന് അലോട്ട്മെന്റുകളുടെ പട്ടിക പുറത്ത് വന്നിട്ടും ജില്ലയിൽ അപേക്ഷകരുടെയും രക്ഷിതാക്കളുടെയും ആശങ്കക്ക് പരിഹാരമായില്ല. പ്ലസ് വൺ മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകളിൽ തന്നെ സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നവർക്കാണ് കിട്ടാതെ വന്നതോടെ ആശങ്ക ഇരട്ടിച്ചത്. പുറത്ത് നിൽക്കുന്ന 33,598 പേർ ഇനി എങ്ങിനെ സീറ്റ് ലഭിക്കുമെന്ന് ആശങ്കപ്പെടുകയാണ്. മൂന്ന് അലോട്ട്മെന്റിലും ഉൾപ്പെടാതെ വന്നതോടെ സപ്ലിമെന്ററി ഘട്ടത്തിന് വേണ്ടി കാത്തിരിക്കേണ്ട സ്ഥിതിയിലായി.
സപ്ലിമെന്ററി അലോട്ട്മെൻറുകൾ ജൂലൈ 10 മുതലാണ് ആരംഭിക്കുക. നിലവിൽ മൂന്ന് അലോട്ട്മെന്റുകൾക്ക് ശേഷം താലൂക്ക്തല, പഞ്ചായത്ത്തല പരിശോധനകൾ ഉണ്ടാകുമെന്നും ഇനിയും പ്രശ്നങ്ങളുള്ള മേഖലകൾ ഉണ്ടെങ്കിൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെങ്കിലും പ്രശ്നം പരിഹരിച്ചിലെങ്കിൽ അലോട്ട്മെന്റ് ലഭിക്കാത്തവർ സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടി വരും.
കഴിഞ്ഞ വർഷം 17,000ഓളം വിദ്യാർഥികളാണ് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഉപരിപഠനത്തിന് ചേർന്നത്. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ എന്നിവിടങ്ങളിലായി 76,970 സീറ്റുകളുണ്ടെന്ന് പറയുന്നു. 81,022 അപേക്ഷകരുള്ള ജില്ലയിൽ 4,052 പേർ സീറ്റിന് പുറത്തുണ്ട്. ഇതിൽ അൺ എയ്ഡഡ് മേഖലയിലെ പണം മുടക്കി പഠിക്കേണ്ട 11,286 സീറ്റിന്റെ എണ്ണം കൂടി ചേർത്താൽ 15,338 കുട്ടികളുടെ കാര്യം അവതാളത്തിലാകും.
ഇവർ ഇത്തവണ സ്കോൾ കേരള വഴി സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിക്കേണ്ടി വരും. ജില്ലയിൽ ഉപരിപഠന സീറ്റ് വിഷയം എസ്.എസ്.എൽ.സി ഫലം വരുന്ന മുറക്ക് തന്നെ ജനപ്രതിനിധികളും വിദ്യാർഥി സംഘടനകളും ഉയർത്തിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് അപേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.