തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മെറിറ്റ് അട്ടിമറിച്ച് ആയിരത്തിലധികം പേർക്ക് പിൻവാതിൽ പ്ലസ് വൺ പ്രവേശനം. പ്രവേശന നടപടി അവസാനിപ്പിച്ച ശേഷം സ്പെഷൽ ഓർഡർ ഇറക്കിയാണ് പ്രവേശനം നൽകിയത്. ജൂൺ 24ന് ക്ലാസുകൾ തുടങ്ങുകയും ആഗസ്റ്റ് ഒമ്പതിന് പ്രവേശന നടപടി അവസാനിപ്പിക്കുകയും ചെയ്തിട്ടും സ്പെഷൽ ഓർഡർ വഴി പ്രവേശനം തകൃതിയായി തുടരുകയാണ്.
എം.എൽ.എമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവരുടെ ശിപാർശ കത്ത് സഹിതം സമർപ്പിക്കുന്ന അപേക്ഷകളിലാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നൽകുന്നത്. സ്കൂൾ മാറ്റം, കോഴ്സ് മാറ്റം എന്നിവ അനുവദിച്ചും സ്പെഷൽ ഓർഡർ ഇറക്കുന്നുണ്ട്. ഇതുവരെ 1300ഓളം പേർക്കാണ് സ്പെഷൽ ഓർഡർ വഴി പ്രവേശനം നൽകിയത്.
ഏകജാലക രീതിയിൽ കേന്ദ്രീകൃതമായി മെറിറ്റ് അടിസ്ഥാനത്തിലാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നൽകുന്നത്. ഈ സംവിധാനം തന്നെ അട്ടിമറിക്കുന്നതാണ് സ്പെഷൽ ഓർഡർ പ്രവേശനം. കഴിഞ്ഞ വർഷം ആയിരത്തിൽ താഴെയാണ് സ്പെഷൽ ഓർഡർ വഴിയുള്ള പ്രവേശനമെങ്കിൽ ഇത്തവണ അധ്യയന വർഷം പകുതിയോടടുക്കുമ്പോഴും ഉത്തരവിറങ്ങുകയാണ്.
പ്രവേശന നടപടികളിൽ പങ്കെടുക്കാത്തവർക്ക് പോലും വിദ്യാഭ്യാസ വകുപ്പിന് നൽകുന്ന അപേക്ഷയുടെ പുറത്ത് അധിക സീറ്റ് അനുവദിച്ച് പ്രവേശനം നൽകുന്നു. ഇവരേക്കാൾ ഉയർന്ന മാർക്കുള്ളവർക്ക് ഇഷ്ട സ്കൂളും വിഷയ കോമ്പിനേഷനും ലഭിക്കാതിരിക്കുമ്പോഴാണ് സ്പെഷൽ ഓർഡർ വഴി ഇഷ്ട സ്കൂളിൽ യഥേഷ്ടം പ്രവേശനം നൽകുന്നത്. മാർക്ക് കുറഞ്ഞവർക്ക് ഇഷ്ട സ്കൂളും വിഷയ കോമ്പിനേഷനും ലഭിക്കാനുള്ള കുറുക്കുവഴി കൂടിയാണിത്.
ആരോഗ്യപ്രശ്നങ്ങൾ ബോധ്യപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് നേരത്തെ സ്പെഷൽ ഓർഡർ വഴി പ്രത്യേക കേസായി പരിഗണിച്ച് പ്രവേശനം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ശിപാർശ കത്തുമായി എത്തുന്നവർക്കെല്ലാം പരിഗണന നൽകുന്നു. മന്ത്രി ഓഫിസിലെത്തുന്ന രാഷ്ട്രീയ സമ്മർദങ്ങളിലാണ് ഉത്തരവുകളിൽ ഭൂരിഭാഗവും ഇറങ്ങിയത്. മെറിറ്റടിസ്ഥാനത്തിൽ നടത്തേണ്ട പ്ലസ് വൺ പ്രവേശനം സ്പെഷൽ ഓർഡർ വഴി വിദ്യാഭ്യാസ വകുപ്പ് തന്നെ അട്ടിമറിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.