തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷാ വിജയികളെക്കാളും ഹയർ സെക്കൻഡറി സീറ്റുകൾ. ആറ് ജില്ലകളിൽ വിജയികളുടെ എണ്ണത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറവുമാണ്. കൊല്ലം ജില്ലയിൽ വിജയികളും എണ്ണവും സീറ്റുകളുടെ എണ്ണവും ഏറക്കുറെ തുല്യമാണ്. മലപ്പുറം ജില്ലയിലാണ് ഇത്തവണയും വിജയികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നത്.
മലപ്പുറത്ത് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ മുഴുവൻ സീറ്റുകളും പരിഗണിച്ചാൽ പോലും എസ്.എസ്.എൽ.സി പാസായ 17,216 പേർക്ക് സീറ്റുണ്ടാകില്ല. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് എസ്.എസ്.എൽ.സി വിജയികളുടെ എണ്ണത്തെക്കാളും പ്ലസ് വൺ സീറ്റുകളുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വിജയികളുടെ എണ്ണത്തെക്കാൾ സീറ്റുകൾ കുറവുള്ളത്.
ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവുവരുന്നത് പത്തനംതിട്ട ജില്ലയിലായിരിക്കും. ഇവിടെ ഇൗ വർഷം 11,193 പേരാണ് എസ്.എസ്.എൽ.സി വിജയികൾ. ഇവിടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 17,738 ആണ്. അധികമുള്ള സീറ്റുകളുടെ എണ്ണം 6545. കോട്ടയത്ത് വിജയികളുടെ എണ്ണം 20,757ഉം സീറ്റുകളുടെ എണ്ണം 26,206ഉം ആണ്. അധികമുള്ള സീറ്റുകളുടെ എണ്ണം 5449. എറണാകുളത്ത് വിജയികളുടെ എണ്ണം 32,784ഉം പ്ലസ് വൺ സീറ്റുകളുടെ എണ്ണം 38,117ഉം ആണ്. അധികമുള്ള സീറ്റുകളുടെ എണ്ണം 5333. തൃശൂരിൽ എസ്.എസ്.എൽ.സി വിജയികളുടെ എണ്ണം 35,903ഉം സീറ്റുകളുടെ എണ്ണം 38,234ഉം ആണ്. അധികമുള്ള സീറ്റുകൾ 2331. തിരുവനന്തപുരത്ത് വിജയികളുടെ എണ്ണം 36,127ഉം സീറ്റുകളുടെ എണ്ണം 36,544ഉം ആണ്. കൊല്ലം ജില്ലയിൽ വിജയികളുടെ എണ്ണം 31,808ഉം സീറ്റുകളുടെ എണ്ണം 31,082 ഉം ആണ്.
മലപ്പുറം ജില്ലയിൽ വിജയികളുടെ എണ്ണം 77,922ഉം സീറ്റുകളുടെ എണ്ണം 60,706ഉം ആണ്. പാലക്കാട് വിജയികളുടെ എണ്ണം 39,897ഉം സീറ്റുകളുടെ എണ്ണം 32,796ഉം ആണ്. 7101 സീറ്റുകളുടെ കുറവ് . കോഴിക്കോട് ജില്ലയിൽ വിജയികളുടെ എണ്ണം 43,896 ഉം സീറ്റുകളുടെ എണ്ണം 40,202ഉം ആണ്. 3694 സീറ്റുകളുടെ കുറവ്. വയനാട്ടിൽ വിജയികളുടെ എണ്ണം 11,366 ഉം സീറ്റുകളുടെ എണ്ണം 10,188ഉം ആണ്. 1178 സീറ്റുകളുടെ കുറവ്. കണ്ണൂരിൽ വിജയിച്ചവരുടെ എണ്ണം 33,897ഉം സീറ്റുകളുടെ എണ്ണം 33,019ഉം ആണ്. കാസർകോട് ജില്ലയിൽ വിജയികളുടെ എണ്ണം 18,686ഉം സീറ്റുകളുടെ എണ്ണം 16,912ഉം ആണ്.
സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസിൽ 10ാം തരം വിജയിച്ച വിദ്യാർഥികളും സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിന് എത്തുന്നതോടെ നിലവിൽ സീറ്റില്ലാത്ത ജില്ലകളുടെ നില കൂടുതൽ പരുങ്ങലിലാകും. കഴിഞ്ഞ വർഷം 42,000ത്തിൽ അധികം പേരാണ് ഇതര സിലബസിൽനിന്ന് സംസ്ഥാന സിലബസിൽ പ്ലസ് വൺ പ്രവേശനത്തിനായി എത്തിയത്. ചില ജില്ലകളിൽ വിജയികളുടെ എണ്ണത്തെ അപേക്ഷിച്ച് സീറ്റുകൾ കൂടുതലുള്ളതും ചില ജില്ലകളിൽ സീറ്റ് കുറവുള്ളതും പ്രവേശന ഘട്ടത്തിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.