തിരുവനന്തപുരം: ബുധനാഴ്ച നടന്ന പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിച്ചത് പരീക്ഷയുടെ തലേന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിക്കാൻ വാട്സ്ആപ് സന്ദേശങ്ങൾ പൊലീസ് പിടിച്ചെടുത്തു. തൃശൂരിലെ പരീക്ഷാചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സൈബർ ക്രൈം പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്തു. വാട്സ്ആപ് സന്ദേശമെത്തിയ ഫോണുകളും പിടിച്ചെടുത്ത് ശാസ്ത്രീയപരിശോധനക്ക് അയച്ചതായാണ് വിവരം. പരീക്ഷ സെക്രട്ടറി പ്രഫ. ഇമ്പിച്ചിക്കോയയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
ചോദ്യേപപ്പർ തയാറാക്കുന്നരീതി, തയാറാക്കുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ, അച്ചടി, വിതരണം തുടങ്ങിയ വിവരങ്ങളാണ് സംഘം തേടിയത്. ഇതിൽ ചോദ്യപേപ്പർ സെറ്റ് ചെയ്യുന്നവരുടെ പേരുവിവരം ഒഴികെയുള്ളവ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. പരീക്ഷക്ക് മുമ്പ് ചോദ്യം ചോർന്നെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ ചോദ്യം തയാറാക്കിയവരെക്കുറിച്ചുള്ള വിവരവും കൈമാറേണ്ടിവരും. മൂന്ന് ഹയർസെക്കൻഡറി അധ്യാപകർ അംഗങ്ങളും കോളജ് അധ്യാപകൻ ചെയർമാനുമായ നാലംഗ ടീം രണ്ട് സെറ്റ് വീതം ചോദ്യങ്ങളാണ് തയാറാക്കി മുദ്രവെച്ച കവറിൽ നൽകുന്നത്. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടുണ്ടോയെന്ന് ഇതുവരെ ഉറപ്പിച്ച് പറയാറായിട്ടില്ലെന്നും തീരുമാനത്തിലെത്താൻ രണ്ടുദിവസം കൂടിയെടുക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന സൈബർ ക്രൈം ഡിവൈ.എസ്.പി ഇഖ്ബാൽ പറഞ്ഞു.
ഗൗരവപ്രശ്നമായതിനാൽ ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. പരീക്ഷ റദ്ദാക്കണമെന്നോ ഇല്ലെന്നോ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും- ഡിവൈ.എസ്.പി പറഞ്ഞു. അന്വേഷണസംഘം വെള്ളിയാഴ്ച തൃശൂരിലെ കൊടുങ്ങല്ലൂർ, കയ്പമംഗലം, മതിലകം, വെമ്പല്ലൂർ േമഖലകളിൽ എത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം, പരീക്ഷ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ പകരം പരീക്ഷ നടത്താനുള്ള മുന്നൊരുക്കങ്ങൾ ഹയർസെക്കൻഡറി പരീക്ഷാവിഭാഗം പൂർത്തിയാക്കി.
പകരം ചോദ്യപേപ്പർ പ്രിൻറിങ് പൂർത്തിയാക്കി ഗൾഫിൽ ഉൾപ്പെടെയുള്ള പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കാൻ ഏഴ് ദിവസമെടുക്കും. ഇൗ സമയം കൂടി പരിഗണിച്ചായിരിക്കും ആവശ്യമെങ്കിൽ പുനഃപരീക്ഷ തീയതി തീരുമാനിക്കുക. നാല് പേപ്പറുകളിലായി എഴുതി തയാറാക്കിയ 23 ചോദ്യങ്ങളാണ് വാട്സ്ആപ് വഴി പ്രചരിച്ചത്. ഇതിൽ ആറെണ്ണം ബുധനാഴ്ചയിലെ ഫിസിക്സ് പരീക്ഷയിലെ അതേ ചോദ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.