പെരിന്തൽമണ്ണ: ഹയർസെക്കൻഡറി മാർക്ക് ലിസ്റ്റ് ലഭിക്കാൻ വൈകിയതിനാൽ അലീഗഢ് സർവകലാശാലയുടെ ബി.എ എൽ.എൽ.ബി കോഴ്സിന് ചേരാനുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമായി. ജൂലൈ ഒന്നിന് ഒറിജിനൽ മാർക്ക് ലിസ്റ്റടക്കം അപ് ലോഡ് ചെയ്ത് കൗൺസലിങ്ങിന് അപേക്ഷിക്കാനായിരുന്നു അറിയിപ്പ്. ജൂലൈ ആറിന് രണ്ടാമതൊരവസരം കൂടി ലഭിച്ചു. എന്നാൽ, കേരളത്തിൽ ചൊവ്വാഴ്ചയാണ് പ്ലസ്ടു മാർക്ക് ലിസ്റ്റ് വിതരണം തുടങ്ങിയത്.
മാർക്ക് ലിസ്റ്റ് ലഭിക്കാത്ത കാര്യം അലീഗഢ് മലപ്പുറം കേന്ദ്രത്തിലും തുടർന്ന് മെയിൻ സെന്ററിലും അറിയിച്ചപ്പോൾ വിദ്യാർഥിയുടെയും സ്കൂളിന്റെയും സത്യവാങ്മൂലം സർട്ടിഫിക്കറ്റായി അപ് ലോഡ് ചെയ്യാനായിരുന്നു വാക്കാലുള്ള നിർദേശം. എന്നാൽ, ജൂലൈ അഞ്ചിന് ഇത്തരം അപേക്ഷകളും തള്ളി. കൗൺസലിങ് നീട്ടിവെക്കണമെന്നും എത്രയും പെട്ടെന്ന് പ്ലസ്ടു സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും സർക്കാറിനെയും സർവകലാശാലയെയും ബന്ധപ്പെട്ടെങ്കിലും എം.പിമാർ, കേന്ദ്രമന്ത്രി, വിദ്യാർഥി യൂനിയൻ പ്രതിനിധികൾ എന്നിവർ മുഖേന ശ്രമം നടത്തിയെങ്കിലും നടന്നില്ല.
മലപ്പുറത്ത് 60, പശ്ചിമബംഗാളിലെ മുർഷിദാബാദിൽ 60, മെയിൻ കേന്ദ്രത്തിൽ 120 എന്നിങ്ങനെ 240 സീറ്റാണ് ബി.എ എൽ.എൽ.ബിക്ക്. ആദ്യ അലോട്ട്മെന്റിൽ തന്നെ ഈ സീറ്റ് നികത്തപ്പെടാറാണ് പതിവ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് ചേരേണ്ടത്. വെള്ളിയാഴ്ച പിഴയോടു കൂടി ഫീസടക്കാം. ഇനി അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് ചേരാതെ സീറ്റ് ബാക്കിവന്നാൽ മാത്രമേ കേരളത്തിലുള്ളവർക്ക് സെക്കൻഡ് അലോട്ട്മെന്റിൽ അവസരമുണ്ടാവൂ.
തിങ്കളാഴ്ചയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സർവകലാശാലയിൽ മലയാളി വിദ്യാർഥി അസോസിയേഷൻ രജിസ്ട്രാറെ കണ്ട് കാര്യം ബോധിപ്പിച്ചെങ്കിലും കൗൺസലിങ് നീട്ടാനോ ഒറിജിനൽ മാർക്ക് ലിസ്റ്റ് നൽകാതെ അപേക്ഷ വാങ്ങാനോ വഴങ്ങിയില്ല. പ്ലസ്ടു മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തീയതി പ്രകാരം കൗൺസലിങ് തീയതി ക്രമീകരിക്കാൻ മലപ്പുറം സെന്ററിനും കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.