തിരുവനന്തപുരം: മതിയായ കുട്ടികൾ ഇല്ലാത്ത ഹയർസെക്കൻഡറി ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റാനും മുഖ്യഘട്ട പ്രവേശനത്തിന് ശേഷവും സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് പുതിയ ബാച്ചുകൾ അനുവദിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. 14 ഹയർസെക്കൻഡറി ബാച്ചുകളാണ് ആദ്യഘട്ടത്തിൽ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലേക്ക് മാറ്റുക. കഴിഞ്ഞ വർഷം 25ൽ താഴെ പ്രവേശനം നേടിയ 105 ബാച്ചുകളാണുള്ളത്. ഇതിൽ ഒരേ വിഷയ കോമ്പിനേഷനിൽ ഒന്നിൽ കൂടുതലുള്ള 14 ബാച്ചുകളാണ് മാറ്റുന്നത്.
ചില സ്കൂളുകളിൽ രണ്ട് സമാന ബാച്ചുകൾ ഉണ്ടാവുകയും രണ്ടിലേക്കുമായി ഒരു ബാച്ചിലേക്കുള്ള കുട്ടികൾ പ്രവേശനം നേടുകയും ചെയ്തതിൽ നിന്നാണ് ഒരു ബാച്ച് വീതം ട്രാൻസ്ഫർ ചെയ്യുക. ഇത്തരത്തിൽ 14 ബാച്ചുകൾ ഉണ്ടെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് റിപ്പോർട്ട് നൽകിയത്. ഈ ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ ഏത് സ്കൂളിലേക്ക് മാറ്റണമെന്ന് ഉടൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കും. 14 ബാച്ചുകളിൽ 12 എണ്ണം സയൻസിലും രണ്ടെണ്ണം ഹ്യുമാനിറ്റീസിലുമാണ്. പ്ലസ് വൺ പ്രശേനത്തിന്റെ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങിയ മുഖ്യഘട്ട പ്രവേശനത്തിന് ശേഷം പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ എണ്ണം പരിശോധിച്ച് കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. ഇപ്പോൾ തുടരുന്ന 81 താൽക്കാലിക ബാച്ചുകൾക്ക് പുറമെയായിരിക്കും ഇത്. 25ൽ താഴെ കുട്ടികളുള്ള ബാച്ചുകൾ മാറ്റുമ്പോൾ അത്തരം സ്കൂളുകളിൽ വിദ്യാർഥികൾക്ക് സീറ്റില്ലാതെ വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. എസ്.എസ്.എൽ സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
വൊക്കേഷനൽ ഹയർസെക്കന്ററി, ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കൻഡറിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.