കൊച്ചി: കൊച്ചി - മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു.
കേരളത്തിും കർണാടകത്തിനും സുപ്രധാന ദിനമാണിതെന്ന് വീഡിയോ കോൺഫറൻസ് വഴി നടത്തിയ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും സാധാരണക്കാരായ ജനങ്ങൾക്ക് പദ്ധതി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംയുക്ത സംരംഭവം വിജയം കണ്ടതിൽ വലിയ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കും എന്നത് സർക്കാറിൻെറ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. കൂറ്റനാട് മുതൽ കോയമ്പത്തൂർ വരെ 99 കിലോമീറ്റർ നീളുന്ന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ഇതും ഉടനെ പൂർത്തിയാക്കും. വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ചെറിയ അസൗകര്യങ്ങൾ ജനങ്ങൾക്ക് ഉണ്ടാവുക സ്വാഭാവികമാണ്. ഈ അസൗകര്യങ്ങൾ മറന്ന്, പദ്ധതി പൂർത്തിയാക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു -മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽനിന്ന് കൂറ്റനാട് വഴി ബംഗളൂരുവിലേക്കും മംഗളൂരുവിലേക്കും ഭൂമിക്കടിയിലെ കൂറ്റൻ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്നതാണ് കൊച്ചി-കൂറ്റനാട്-ബംഗളൂരു-മംഗളൂരു പൈപ്പ് ലൈൻ പ്രോജക്ട് (കെ.കെ.ബി.എം.പി.എൽ). എറണാകുളം പുതുവൈപ്പിലുള്ള പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിൽനിന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെ കടന്നുപോവുന്ന പൈപ് ലൈൻ, കർണാടകയിലെ ദക്ഷിണ കന്നട ജില്ലയായ മംഗളൂരുവിലാണ് അവസാനിക്കുന്നത്.
കേരളത്തിൽ 414 കിലോമീറ്ററും കർണാടകയിൽ 36 കിലോമീറ്ററുമാണ് പൈപ്പ്ലൈൻ ദൈര്‍ഘ്യം. ഗെയിൽ ഇന്ത്യ ലിമിറ്റഡ് കമ്പനി ചുക്കാൻ പിടിക്കുന്ന 5700 കോടി ചെലവുള്ള പദ്ധതിയിൽ ഇതിനകം 3000 കോടി രൂപ ചെലവിട്ടു. വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, വ്യവസായങ്ങള്‍ക്കും സംശുദ്ധ ഇന്ധനം ലഭ്യമാവുന്ന പദ്ധതി വഴി നികുതിയിനത്തിൽ പ്രതിവർഷം 1000 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് വീടുകളിലേക്ക് പൈപ്പിലൂടെ പ്രകൃതിവാതകവും (പി.എൻ.ജി) മംഗളൂരുവിലെയും ബംഗളൂരുവിലെയും വ്യവസായിക മേഖലകളിലേക്ക് ദ്രവീകൃത പ്രകൃതി വാതകവും (എൽ.എൻ.ജി) വാഹനങ്ങൾക്കായി സാന്ദ്രീകൃത പ്രകൃതിവാതകവും (സി.എൻ.ജി) എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.