വയനാട്ടിലെ പുനരധിവാസത്തിന് പണം തടസ്സമാകില്ല, ഒപ്പമുണ്ട് -ഉറപ്പ് നൽകി പ്രധാനമന്ത്രി മടങ്ങി

കൽപറ്റ: വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം കേരള സർക്കാറിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉരുൾ ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ച് വയനാട് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനുള്ളത്. എല്ലാവരും അവർക്കൊപ്പമുണ്ട്. പണത്തിന്‍റെ അഭാവം മൂലം പുനരധിവാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടായിരുന്നു. ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവസ്ഥലത്തേക്ക് അയച്ചു -പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ 11.47ഓടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വയനാട്ടിലെത്തിയത്. ദുരന്തബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് വീക്ഷിച്ച ശേഷം കല്‍പ്പറ്റയിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ഉണ്ടായിരുന്നു.

ശേഷം ഉച്ചയ്ക്ക് 12.15ഓടെ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പുറമെ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. രാജന്‍, ഒ.ആര്‍. കേളു, ടി. സിദ്ദീഖ് എം.എല്‍.എ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തി. ചീഫ് സെക്രട്ടറി ഡോ. വി വേണു, ജില്ല കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ തുടങ്ങിയവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ നിന്ന സ്ഥലവും ബെയ്‌ലി പാലവും സന്ദര്‍ശിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സൈനികരുമായി സംസാരിച്ചു.

തുടര്‍ന്ന് മേപ്പാടി സെന്‍റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ഒന്‍പത് പേരുമായി സംസാരിച്ചു. അവിടെനിന്ന്, പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി, ചികിത്സയില്‍ കഴിയുന്നവരുടെ പ്രതിനിധികളായ നാലുപേരുമായി സംസാരിച്ചു. പിന്നീടാണ് വൈകിട്ട് നാലു മണിയോടെ കലക്ടറേറ്റിലെത്തി അവലോകന യോഗത്തില്‍ പങ്കെടുത്തത്.

Tags:    
News Summary - PM Modi says money will not be an issue for rehabilitation of Wayanad Landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.