കോഴിക്കോട്: പരാമർശം വിവാദമായ പശ്ചാത്തലത്തിൽ കൂടുതൽ വിശദീകരണവുമായി മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഏതെങ്കിലും ഒരു വ്യക്തിയെ മനസിൽവെച്ചല്ല തന്‍റെ പരാമർശമെന്നും തട്ടം വിവാദത്തിൽ പ്രതികരിക്കാത്തവരെ കുറിച്ചായിരുന്നു പൊതു വിമർശനമെന്നും സലാം വ്യക്തമാക്കി.
തട്ടം ഒഴിവാക്കാനാണ് സി.പി.എം ഇക്കാലമത്രയും ശ്രമിച്ചതെന്ന് സംസ്ഥാന കമ്മിറ്റിയംഗം പറയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ കഴിവില്ലാത്ത എല്ലാ സംഘടനകളെയും കുറിച്ചാണ് പറഞ്ഞത്. ഒരു പ്രത്യേക വ്യക്തിയെയോ സംഘടനയോ കുറിച്ച താൻ പരാമർശം നടത്തിയിട്ടില്ല.
സമസ്തയിലെ ഉന്നതരായവർ ഇരിക്കുന്ന മുശാവറയിലെ ഒരംഗം തനിക്കെതിരെ മോശം പരാമർശമുള്ള വാർത്താകുറിപ്പ് പത്രങ്ങൾക്ക് നൽകി. പി.എം.എ സലാം കണ്ടം ചാടി വന്നവനാണെന്ന് പറഞ്ഞു. ഒരു പണ്ഡിതന്‍റെ വായിൽ നിന്ന് വരാൻ പാടില്ലാത്ത വാക്കാണിത്. അത്തരം പണ്ഡിതന്മാരുടെ മൂടുപടം അഴിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണ്. ഇത്തരക്കാരെ തുറന്ന് എതിർക്കുകയും മറുപടി നൽകുകയും ചെയ്യുമെന്ന് സലാം പറഞ്ഞു.
സമസ്തയിലെ പ്രധാനപ്പെട്ട ചിലരെ സി.പി.എം കൈയിലെടുത്തിട്ടുണ്ട്. അവരാണ് പൊതുയോഗങ്ങളിൽ മുസ്ലിം ലീഗിനെതിരെ പ്രസംഗിക്കുന്നത്. ലീഗിന്‍റെ രാഷ്ട്രീയ നിലപാടിനെ വിമർശിക്കുന്നു. സമസ്ത നേതാക്കളും മുശാവറ അംഗങ്ങളും മതരംഗത്താണ് പ്രവർത്തിക്കുന്നത്. അത് മാറി 1967ൽ ലീഗ് മാർക്സിസ്റ്റ് പാർട്ടിയുമായി കൂടിയില്ലേ എന്നാണ് ചോദിക്കുന്നത്.
ലീഗിനെ എതിർക്കാൻ സമസ്തയിലെ പദവി ഉപയോഗിക്കുമ്പോൾ അത്തരം വ്യക്തികളെ വിമർശിക്കാനുള്ള അവകാശം ലീഗിനുണ്ടെന്ന് വ്യക്തമാക്കുകയാണ് ചെയ്തതെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.
ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് പി.എം.എ സലാം പറഞ്ഞു. യു.ഡി.എഫിന്‍റെ ഭാഗമാണ് ലീഗ്. ഏതെല്ലാം പാർട്ടിക്ക് എത്ര സീറ്റ് നൽകണമെന്ന് മുന്നണിയോഗം ചേർന്നാണ് തീരുമാനിക്കേണ്ടത്. അത്തമൊരു ചർച്ചയിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടം വിവാദത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ‘മുഖ്യമന്ത്രിയുടെ ഫോൺകാൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. ഇവരുടെ പാർട്ടിയോടുള്ള സമീപനമെന്താണെന്ന് അവർ പറയണം’ എന്ന പി.എം.എ. സലാമിന്റെ പരാമർശമാണ് സമസ്തയെ ചൊടിപ്പിച്ചത്. തുടർന്ന് പി.എം.എ. സലാമിനെതിരെയും അബ്ദുറഹ്മാൻ കല്ലായിക്കെതിരെയും സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് പരാതി നൽകിയിരുന്നു. പി.എം.എ. സലാം നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.