കോഴിക്കോട്: കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിൽ ഓൺലൈൻ ഗെയിമിൽ എട്ട് കോടി രൂപ നഷ്ടപ്പെടുത്തിതായി പൊലീസ്. കൂടാതെ, തട്ടിപ്പിലൂടെ കരസ്ഥമാക്കിയ തുക ഓഹരി വിപണിയിലും മ്യൂച്ചൽഫണ്ടിലും നിക്ഷേപിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഓൺലൈൻ ഗെയിമിലൂടെ റിജിലിന് പണം നഷ്ടപ്പെട്ടതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റിജിലിന്‍റെ പണമിടപാടുകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കോർപറേഷൻ അക്കൗണ്ടിൽ നിന്നും പണം അച്ഛന്‍റെ അക്കൗണ്ടിലേക്കാണ് ഇയാൾ ആദ്യം മാറ്റിയത്. തുടർന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. പണം ഒരാളുടെ അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സംവിധാനം ഉപയോഗിച്ചാണ് റിജിൽ ക്രമക്കേട് നടത്തിയത്.
കോർപറേഷന്‍റെ മാത്രമല്ല മറ്റ് ചില അക്കൗണ്ടുകളിൽ നിന്നും റിജിൽ പണം മാറ്റിയിട്ടുണ്ടാവാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇത് കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണ്. അതിനിടെ, തട്ടിപ്പ് കേസിന്‍റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
സാമ്പത്തിക ക്രമക്കേടിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയുടെ മുൻ സീനിയർ മാനേജർ എം.പി. റിജിലിനെതിരെ ടൗൺ പൊലീസ് കേസെടുത്തിരുന്നു. ബാങ്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെ റിജിൽ ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം, പഞ്ചാബ് നാഷനൽ ബാങ്കിന്റെ കോയമ്പത്തൂർ ഓഫിസിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘം കോഴിക്കോട്ടെത്തി ബാങ്കിലെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കുകയാണ്. നാലു ദിവസത്തിനകം സംഘം അവസാന റിപ്പോർട്ട് തയാറാക്കും.
ബ്രാഞ്ചിലെ ഇപ്പോഴത്തെ മാനേജർ സി.ആർ. വിഷ്ണുവിന്റെ പരാതിയിലാണ് മുൻ മാനേജർക്കെതിരെ കേസെടുത്തത്. റിജിൽ ജോലി ചെയ്യവെ കഴിഞ്ഞ ഒക്ടോബർ 12നും നവംബർ 25നുമിടയിൽ വിവിധ ദിവസങ്ങളിൽ സർക്കാർ സ്ഥാപനമായ കോർപറേഷനെയും ബാങ്കിനെയും വഞ്ചിച്ച് 98,59,556 രൂപ അന്യായമായി കൈക്കലാക്കിയെന്നാണ് മാനേജറുടെ പരാതി. ഈ പരാതിയിൽ ശിക്ഷാ നിയമം 409 (ബാങ്ക് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന), 420 (വഞ്ചന) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ഒക്ടോബർ 12, 14, 20, 25, നവംബർ ഒന്ന്, 11, 25 തീയതികളിൽ 2,53,59,556 രൂപ പിൻവലിച്ചതായി കണ്ടെത്തിയതായി സെക്രട്ടറി കെ.യു. ബിനിയും കഴിഞ്ഞ ദിവസം ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. നഗരസഭ അക്കൗണ്ട്സ് വിഭാഗം അറിയാതെയായിരുന്നു പണം പിൻവലിച്ചത്. ബാങ്ക് പരാതി നൽകിയ പ്രകാരമുള്ള 98,59,556 രൂപ കോർപറേഷൻ അക്കൗണ്ടിൽ ബാങ്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് സെക്രട്ടറി നൽകിയ പരാതിയിലുണ്ട്.
കോർപറേഷന്റെ 13 അക്കൗണ്ടുകളാണ് പി.എൻ.ബി ബാങ്കിന്റെ ഈ ശാഖയിലുള്ളത്. ഇതിൽ പൂരക പോഷകാഹാര പദ്ധതിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കോർപറേഷൻ ചെക്ക് സമർപ്പിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്.
അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞ് ചെക്ക് മടങ്ങുകയായിരുന്നു. പോഷകാഹാര പദ്ധതിയിൽ 4,82,675 രൂപയുടെ പേയ്മെന്റ് കഴിഞ്ഞ ദിവസം അക്കൗണ്ട്സ് വിഭാഗത്തിൽ എത്തിയിരുന്നു. ഇതിനായി ബാലൻസ് പരിശോധിച്ചപ്പോഴാണ് 2,77,068 രൂപ മാത്രമേ ബാക്കിയുള്ളൂവെന്ന് മനസിലായത്. തുടർന്ന് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ പല തവണയായി കോടികൾ പിൻവലിച്ചതായി കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.