മലപ്പുറം: പോക്സോ കേസിൽ ജാമ്യം ലഭിച്ച മലപ്പുറം സെന്റ് ജെമ്മാസ് സ്കൂൾ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭയിലെ സി.പി.എം മുൻ കൗൺസിലറുമായ കെ.വി. ശശികുമാറിനെതിരെ പൂർവവിദ്യാർഥി കൂട്ടായ്മ രംഗത്ത്. ശശികുമാറിൽനിന്ന് ക്രൂരപീഡനങ്ങൾക്കാണ് പെൺകുട്ടികൾ ഇരയായതെന്ന് പൂർവവിദ്യാർഥി കൂട്ടായ്മ പ്രതിനിധി പറഞ്ഞു.
ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്നും കൂടുതൽ പെൺകുട്ടികൾ പരാതികളുമായി രംഗത്തുവരുമെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
പഠിക്കുന്ന കാലത്ത് ഒരുപാട് പീഡനങ്ങൾ നടത്തുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. അഞ്ചുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനകാലത്ത് തങ്ങൾക്കൊന്നും മനസ്സിലാകാത്ത രീതിയിൽ സൂത്രത്തിലാണ് ശശികുമാർ പീഡനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, കുട്ടികളുടെ മേൽ വെള്ളമൊഴിച്ച് നനയുന്ന ഭാഗം നോക്കി ആസ്വദിക്കുക തുടങ്ങിയ ക്രൂരതകളാണ് ഇയാൾ ചെയ്തിരുന്നത്. അഞ്ചാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ മുടിക്കെട്ടിൽ പിടിച്ച് കുലുക്കുന്നതും ഈ സമയം ശരീരത്തിൽ സ്വാതന്ത്ര്യത്തോടെ തൊടുന്നതും പതിവായിരുന്നു.
ഇപ്പോൾ ജാമ്യം കിട്ടിയത് ഏതു രീതിയിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് പരാതിക്കാരുടെ പ്രതിനിധി പറഞ്ഞു. 30 വർഷത്തിലധികം ഇത്രയും കുട്ടികളെ പീഡിപ്പിച്ചിട്ടും എങ്ങനെയാണ് പ്രതിക്ക് വേഗത്തിൽ ജാമ്യം ലഭിച്ചതെന്ന കാര്യം തങ്ങൾ ചർച്ച ചെയ്യുമെന്ന് അവർ പറഞ്ഞു.
പൂർവവിദ്യാർഥി സംഘടന രാഷ്ട്രീയപ്രേരിതമോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തോടെയോ അല്ല പരാതി നൽകിയത്. പക്ഷേ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നാണ് വിശ്വാസം. രണ്ട് പോക്സോ കേസ് അടക്കം ആറ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രതിനിധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.