മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ പൊലിസ് പിടികൂടി

ചെന്നിത്തല: കാരാഴ്മയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ മാന്നാർ പൊലിസ് പിടികൂടി. വെട്ടുകുളഞ്ഞിയില്‍ വിനീഷ്‌കുമാര്‍ [44] എന്നയാളാണ് പൊലീസിന്‍റെ പിടിയിലായത്. വെളളിയാഴ്ച വൈകീട്ട് കാരാഴ്മ ദേവീക്ഷേത്ര പരിസരത്തുവെച്ച് മാധ്യമപ്രവര്‍ത്തകനായ ജി. വേണുഗോപാലിനെ കയ്യേറ്റം ചെയ്തതിനാണ് കേസ്.

കാരാഴ്മയിലെ വ്യാജമദ്യത്തിനെതിരെ വാര്‍ത്ത നല്‍കിയതിനുളള പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. വിഷുദിനത്തിൽ കാഴ്ചക്കണ്ടത്തില്‍ നില്‍ക്കുകയായിരുന്ന വേണുഗോപാലിനെ അസഭ്യം വിളിച്ചു കൊണ്ട് പാഞ്ഞടുത്ത പ്രതി കയ്യേറ്റം നടത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വിനീഷ്കുമാറിനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

വ്യാജമദ്യ മയക്കുമരുന്ന് മാഫിയ കുറെ നാളായി ചെന്നിത്തലയിലും സമീപ പ്രദേശങ്ങളിലും സജീവമാണ്. കഴിഞ്ഞ ദിവസം കാരാഴ്മ ക്ഷേത്രത്തിന് സമീപമുളള കെട്ടിടത്തില്‍ നിന്ന് കന്നാസില്‍ സൂക്ഷിച്ച നിലയിൽ കോട കണ്ടെടുത്തിരുന്നു. ക്ഷേത്രത്തിന് തെക്കു ഭാഗത്ത് നിന്ന് വ്യാജവാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കൂടാതെ കഞ്ചാവ് ലോബി വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവവും പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കിയവരും മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നവരും ഈ മാഫിയ കൂട്ടത്തിലുണ്ട്. അടുത്ത കാലത്ത് തിരുവനന്തപുരത്ത് ലോഡ്ജില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടി ക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത് കാരാഴ്മയിലായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങള്‍ ഇവിടെ ഇപ്പോഴും സജീവമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

Tags:    
News Summary - Police arrested the accused in the case of assaulting a journalist in Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.