കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പരിസരത്ത് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവുമായി വിദ്യാർഥി പിടിയിൽ. ഭാരത് മാതാ കോളജിലെ രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് സൈദലിയാണ് പിടിയിലായത്.
ഇയാളിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച വിദ്യാർഥിയെ സ്റ്റേഷൻ ജാമ്യത്തിൽ രാത്രി തന്നെ വിട്ടയച്ചു. കൊല്ലം സ്വദേശിയാണ് സൈദലി.
കുസാറ്റിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജികളിലുമാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. വേഷം മാറിയും സ്വകാര്യ വാഹനങ്ങളിലുമാണ് പൊലീസ് സ്ഥലത്തെത്തിയത്.
അതേസമയം, ഓപറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 234 പേർ അറസ്റ്റിലായി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശംവെച്ചതിന് 222 കേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന് വിൽപനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. 11.09 ഗ്രാം എം.ഡി.എം.എ, 6.171 കിലോ കഞ്ചാവ്, 167 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന വ്യാപകമായി ഓപറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.