കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാൻ കൊല്ലപ്പെട്ടതിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ പൊലീസ് നരനായാട്ട് നടത്തുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തിൽ ആരോപിച്ചു.
പൊലീസ് പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഷാനിന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ചേർത്തല, വയലാർ ഭാഗങ്ങളിലുള്ള നിരവധി എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സ്ഫോടക വസ്തുക്കൾ എറിയുകയും തകർക്കുകയും ചെയ്തു. ഈ സമയത്ത് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പൊലീസ് നോക്കുകുത്തിയാവുകയായിരുന്നു. കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം 50ഓളം ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾക്ക് സുരക്ഷയൊരുക്കുകയായിരുന്നുവെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി തന്നെ വ്യക്തമാക്കിയതാണ്.
ഷാൻ കൊല്ലപ്പെട്ട ദിവസങ്ങളിൽ നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വത്സൻ തില്ലങ്കേരി ആലപ്പുഴയിലെത്തിയതിൽ അന്വേഷണം നടത്താനോ, ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വത്സൻ തില്ലങ്കേരിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ല. എന്നാൽ കസ്റ്റഡിയിലെടുത്ത ജില്ല സെക്രട്ടറി സാലിമിനെ പൊലീസ് ക്രൂരമായി മർദിക്കുകയും, നട്ടെല്ലിന് പരിക്കേൽപ്പിക്കുകയും ചെയ്തു.
ഫിറോസ് എന്ന പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത ഉടനെ ജീപ്പിൽ വെച്ച് മർദിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി ഓഫിസിലെ സി.സി.ടി.വിയിൽ പതിയാത്ത രീതിയിൽ മാറ്റി നിർത്തി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു. രാജേഷ് എന്ന പൊലീസുകാരന്‍റെ നേതൃത്വത്തിലായിരുന്നു മർദനവും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതും. നിക്ഷ്പക്ഷമായി അന്വേഷണം നടത്താൻ പൊലീസ് തയാറായാൽ അതുമായി സഹകരിക്കുമെന്നും അവർ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പാർട്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
സംസ്ഥാനത്തിന്റെ സൗഹാർദ അന്തരീക്ഷം തകർക്കാനാണ് ഷാനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. പൊലീസിന്‍റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് തീരുമാനമെന്നും അവർ കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.