തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി മേയ് 11 ന് വാദം കേൾക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്.
പി.സി. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സർക്കാർ വാദം. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടൻ ജുഡീഷ്യൽ ക്വാർട്ടേഴ്സിന് മുന്നിൽവെച്ചുതന്നെ ജോർജ് ജാമ്യ ഉപാധി ലംഘിച്ചെന്ന് ഹരജിയിൽ പറയുന്നു. പ്രസംഗത്തിലെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി പല പൊതു വേദികളിലും ആവർത്തിക്കുകയും ചെയ്തു. ഹൈകോടതി സർക്കുലർ അനുസരിച്ച് ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പ്രോസിക്യൂഷന്റെ ഭാഗം കേൾക്കേണ്ടതാണ്.
ജാമ്യം പരിഗണിച്ച ദിവസം അസി. പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായിരുന്നെന്ന് കോടതി ഉത്തരവിൽ പറയുന്നത് ശരിയല്ലെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടർ ഉമ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജോർജിന് ജാമ്യം ലഭിച്ചത് ഏറെ വിവാദമായിരുന്നു. പൊലീസ് റിമാൻഡ് റിപ്പോർട്ടിലെ പാളിച്ചകളാണ് ജാമ്യം ലഭിക്കാൻ കാരണമായതെന്നും വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.