തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍, ആര്യക്കും എം.എൽ.എ സച്ചിൻദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ്. മേയറും എം.എൽ.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസിൽ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കന്‍റോൺമെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകിയത്. ബസിന്‍റെ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് തുറക്കുന്ന വാതിൽ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്.
അന്വേഷണ പുരോഗതിയിൽ കോടതി തൃപ്തി രേഖപ്പെടുത്തി. അന്വേഷണ പുരോഗതിയില്‍ വിശ്വാസം ഉണ്ടെന്ന് യദുവിന്‍റെ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു. എന്നാൽ യദുവിന്‍റെ ഹരജികള്‍ മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണെന്ന് പ്രോസിക്യൂഷൻ വിമര്‍ശിച്ചു. മേയര്‍ക്കെതിരായ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30ന് വിധി പറയും.
മേയര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ച യദു തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് യദു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം, യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധക്കുവേണ്ടിയാണെന്നും യദുവിനെതിരെ നേരത്തെ ലൈഗിംക അതിക്രമ കേസുള്‍പ്പെടെയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നാല്, അഞ്ച് പ്രതികള്‍ ആരാണെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 14 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മേയര്‍ക്കും സച്ചിന്‍ദേവിനുമൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരഭാര്യ ആര്യയാണ് അഞ്ചാം പ്രതി. നേരത്തെ പ്രതിപട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ആരെന്ന് ഉണ്ടായിരുന്നില്ല.അതേസമയം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്‍റെ ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഏപ്രിലിൽ പാളയത്ത് വെച്ചായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എക്കുമെതിരെ കേസെടുത്തത്. കേസിൽ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹരജിയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കി. റിപ്പോർട്ട് തൃപ്തികരമെന്ന് യദുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. റിപ്പോർട്ടിൽ വിശദ വാദം കേട്ട ശേഷം കോടതിയും തൃപ്തി പ്രകടിപ്പിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് കേസ് പരിഗണിച്ചത്. കേസിന്റെ മേൽനോട്ടം കോടതി നിർവഹിക്കണമെന്നും കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്നുമായിരുന്നു യദു നൽകിയ ഹരജിയിലെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞതായും കൃത്യം നടന്ന സ്ഥലത്തെ മഹസറും വാഹനം കണ്ടെഴുതിയ മഹസറും തയാറാക്കിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവ സമയം ബസിൽ യാത്രചെയ്ത രണ്ടുപേരുടെയും മൂന്ന് ദൃക്സാക്ഷികളുടെയും മൊഴിയും രേഖപ്പെടുത്തി. കെ.എസ്.ആർ.ടി.സി ബസിന്‍റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിൾ ലോഗ് ഷീറ്റ്, ഡ്രൈവർ യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ്, സി.സി ടി.വി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചതായും പൊലീസ് അറിയിച്ചു. എല്ലാ രേഖകളും ശേഖരിച്ച് അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു.
ഹരജി നൽകിയ ശേഷമുള്ള 12 ദിവസം കൊണ്ട് പൊലീസ് ഇത്രയും അന്വേഷിച്ചെങ്കിൽ അന്വേഷണത്തിൽ പൂർണ തൃപ്തി ഉണ്ടെന്ന് യദുവിന്റെ അഭിഭാഷകൻ മറുപടി നൽകി. കേസിൽ വാദം പരിഗണിക്കുന്ന സമയത്ത് ഏതെങ്കിലും കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ ഇക്കാര്യം പരിഹരിക്കാൻ കേസ് 29ന് പരിഗണിച്ച് 30ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കി.
2024 ഏപ്രില്‍ 27ന് രാത്രി 10ഓടെയാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും തുടർന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായതുമാണ് കേസിനാസ്പദമായ സംഭവം. മേയറെയും സഹോദരഭാര്യയെയും ഡ്രൈവർ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.