തിരുവനന്തപുരം: സ്വപ്ന സുരേഷിനുവേണ്ടി പലകുറി പൊലീസ് ഒത്തുകളിച്ച വിവരങ്ങളും പുറത്ത്. സ്വപ്നയെ പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളുമുണ്ടായി.എയർ ഇന്ത്യയിലെ ട്രേഡ് യൂനിയൻ നേതാവായിരുന്ന എൽ.എസ്. സിബുവിനെതിരെ 16 വനിതാ ജീവനക്കാരികളെക്കൊണ്ട് വ്യാജ ലൈംഗിക പീഡന പരാതി നൽകിച്ചതിനു പിന്നിൽ സ്വപ്നയായിരുന്നു. അന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനി ജീവനക്കാരിയായിരുന്നു സ്വപ്ന. വ്യാജ പരാതിയാണെന്ന് ചൂണ്ടിക്കാട്ടി സിബു ലോക്കൽ പൊലീസിൽ പരാതി നൽകിയതോടെ സ്വപ്ന ജോലി ഉപേക്ഷിച്ച് പോകുകയായിരുന്നു.
എന്നാൽ, എയർ ഇന്ത്യ ജീവനക്കാരെൻറ പരാതിയിൽ സ്വപ്നയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടന്നത്. സ്വപ്നയുടെ പങ്ക് തെളിയിക്കാനായില്ലെന്നുകാണിച്ച് ലോക്കൽ പൊലീസും ജില്ല ക്രൈം ബ്രാഞ്ചും കേസ് മടക്കി. പരാതിക്കാരൻ ഹൈകോടതിയെ സമീപിക്കുകയും കോടതി നിർദേശാനുസരണം കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു. ആ അന്വേഷണത്തിലാണ് സ്വപ്ന വ്യാജരേഖ ചമച്ചെന്നും ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തിയത്. ഇതിനു പുറമെ സ്വപ്നക്കെതിരെ ബന്ധു നൽകിയ ഗാർഹിക പീഡന പരാതിയും പൊലീസിലെ ഉന്നതർ ഇടപെട്ട് തീർപ്പാക്കുകയായിരുന്നു.
വിവരം ചോർന്നു; സ്വപ്ന മുങ്ങി
സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷ് മുങ്ങിയത് സ്വർണം പിടികൂടിയതറിഞ്ഞ്. ഉന്നതങ്ങളിൽനിന്ന് കൃത്യമായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാകാം ഒളിവിൽ പോയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംശയം.
ഒളിവിലിരുന്ന് സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് സ്വർണം വിട്ടുനൽകാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭവിഷ്യത്ത് വലുതായിരിക്കുമെന്നായിരുന്നു ഭീഷണി. ഞായറാഴ്ചയാണ് സ്വര്‍ണക്കടത്ത് പുറത്തായത്. അതിന് തലേന്ന് സ്വപ്ന തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റ് വിട്ടു. ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിലാണ് ശനിയാഴ്ച തന്നെ സ്ഥലം വിട്ടതായി സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ പരിശോധന നടത്തി. ബാലരാമപുരത്തെ കുടുംബ വീട്ടിലും പരിശോധന നടത്തുമെന്നാണ് വിവരം. സ്വര്‍ണം കണ്ടെടുക്കുന്നതിന് നാലുദിവസം മുമ്പ് കസ്റ്റംസ് അധികൃതര്‍ ബാഗേജ് പരിശോധിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റിെൻറ അനുമതി തേടിയിരുന്നു. ആദ്യം അനുമതി ലഭിച്ചില്ല. വിദേശകാര്യ മന്ത്രാലയത്തിെൻറയും യു.എ.ഇയിലുള്ള അംബാസഡറുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഞായറാഴ്ച ബാഗേജ് പരിശോധിക്കാൻ സാഹചര്യം ഒരുങ്ങിയത്. ഇതിനിടെ തന്നെ സ്വപ്ന മുങ്ങി. സ്വപ്നക്ക് ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധമുള്ളതിനാൽ അവരുടെ സംരക്ഷണത്തിലാണെന്നും സംശയമുണ്ട്.
സ്വപ്നയെ ഉടൻ പിടികൂടാനാകുമെന്നാണ് കസ്റ്റംസ് പ്രതീക്ഷ. പൊലീസ് സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. സ്വപ്നയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പണമിടപാട് രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായാണ് വിവരം.
ബാഗേജ് ക്ലിയറന്‍സിന് വ്യാജരേഖ?
ഡിപ്ലോമാറ്റിക് ബാഗേജ് ക്ലിയറന്‍സിന് സ്വർണക്കടത്ത് സംഘം വ്യാജരേഖകള്‍ ചമച്ചതായി സംശയം. ഇത് ശരിെവക്കുന്ന വിവരങ്ങൾ ലഭിച്ചതായി കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു. രണ്ടുവര്‍ഷമായി കൃത്യമായ രേഖകള്‍ ഹാജരാക്കാതെയാണ് ബാഗേജുകള്‍ ക്ലിയറന്‍സ് നടത്തി പുറത്തെത്തിച്ചിരുന്നതത്രെ. ഇതിന് കസ്റ്റംസ്, വിമാനത്താവള അധികൃതരുടെ പിന്തുണയും ലഭിച്ചു. ആറുമാസത്തിനിടെ ഇത്തരത്തിൽ സ്വർണം കടത്തിയെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരം മണക്കാട് കൊണ്ടുവന്നത്. ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത വാഹനങ്ങളാണ്. ഫര്‍ണിച്ചറും അലങ്കാരവസ്തുക്കളും ഭക്ഷണവസ്തുക്കളുമൊക്കെ ദുബൈയില്‍നിന്ന് എത്തിച്ചാണ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്പുവരെ ഡിപ്ലോമാറ്റിക് ബാഗേജ് വന്നാല്‍ പ്രോട്ടോകോള്‍ ഓഫിസറില്നിന്നോ പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനില്‍നിന്നോ കൗണ്ടര്‍സൈന്‍ വാങ്ങിയിരുന്നു. പാർസല്‍ വരുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസുമായി കൃത്യമായ ആശയവിനിമയവും നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇത്തരത്തില്‍ ഒരു സന്ദേശവും ലഭിച്ചിരുന്നില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.
കാര്‍ഗോയില്‍ വരുന്നത് ഡിപ്ലോമാറ്റിക് പാർസലാണെന്നും ഉദ്യോഗസ്ഥര്‍ നല്കുന്ന ഒപ്പ് ശരിയാണെന്നുമുള്ള സത്യവാങ്മൂലമാണ് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന് അല്ലെങ്കില്‍ പൊതുഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് നല്‍കേണ്ടത്. രണ്ടുവര്‍ഷമായി ഇത്തരത്തിലുള്ള ഒരു നടപടിയുമുണ്ടായിരുന്നില്ല. ഇതാണ് വ്യാജരേഖ ചമച്ചതായി സംശയം ബലപ്പെടാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.