കൊച്ചി: അഭിനേതാക്കളുടെ സംഘടനായ അമ്മയുടെ ഓഫിസിൽ പൊലീസ് പരിശോധന. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലും പരാതികളിലും അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരാണ് രണ്ട് തവണയായി കൊച്ചിയിലെ അമ്മ ഓഫിസിൽ പരിശോധന നടത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയും ഉദ്യോഗസ്ഥർ ഓഫിസിലെത്തി.
ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരായ കേസുകളിലെ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനാണ് സംഘം എത്തിയത്. സംഘടന അംഗത്വം, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ അവർ പരിശോധിച്ചു. ഇടവേള ബാബു ജനറൽ സെക്രട്ടറിയും മുകേഷ് ഭാരവാഹിയുമായിരുന്ന കാലഘട്ടത്തിലെ രേഖകളാണ് പ്രധാനമായും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
ഇരുവരും പ്രത്യേക കാലയളവിൽ ഭാരവാഹികളായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അവർ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥർ ശേഖരിച്ചതായും വിവരമുണ്ട്. ഉദ്യോഗസ്ഥരെത്തുമ്പോൾ ഭാരവാഹികളാരും ഉണ്ടായിരുന്നില്ല, ഓഫിസ് ജീവനക്കാരാണുണ്ടായിരുന്നത്. ആദ്യ ദിവസം ശേഖരിച്ച വിവരങ്ങളിലെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് ഞായറാഴ്ച വീണ്ടുമെത്തിയത്.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവരികയും നടൻമാർക്കെതിരെ നിരവധി പേർ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തുവരികയും ചെയ്തതിനുപിന്നാലെ ‘അമ്മ’ ഓഫീസിന് മുന്നിൽ വിദ്യാർഥികൾ റീത്ത് സമർപ്പിച്ചിരുന്നു. എറണാകുളം ലോ കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് റീത്ത് വെച്ചത്. ‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തില്‍ എഴുതിയിരുന്നത്.
ഇതിനിടെ ഓൺലൈൻ വിൽപന വെബ്സൈറ്റായ ഒ.എൽ.എക്സിൽ ‘അമ്മ’ ഓഫീസ് വിൽപനക്കുണ്ടെന്ന് ഏതോ വിരുതൻമാർ പരസ്യം നൽകുകയും ചെയ്തിരുന്നു. വെറും 20,000 രൂപക്ക് ‘അർജന്റ് സെയിൽ’ എന്ന് നൽകിയായിരുന്നു വ്യാജ പരസ്യം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.