അങ്കമാലി: പൊലീസ് സേനാംഗങ്ങളിൽ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെ അപേഷിച്ച് ആത്മഹത്യ പ്രവണത നന്നേ കുറവാണെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു. സ്വകാര്യ ജീവിത ചുറ്റുപാടുകളാണ് പ്രധാനമായും സേനാംഗങ്ങളിൽ ആത്മഹത്യ പ്രവണതയുണ്ടാക്കുന്നതെന്നും ബിജു പറഞ്ഞു. 25 മുതൽ 27 വരെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിക്കുന്ന അസോസിയേഷൻ 33ാമത് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാസനയും പെരുമാറ്റദൂഷ്യവുമുള്ള ഉദ്യോഗസ്ഥർ വളരെ കുറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ സേനയെ മൊത്തം അവഹേളിക്കുന്ന വിധം ചില മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്നു. പ്രതിയെ വിലങ്ങുവെച്ചാലും, വിലങ്ങ് ഒഴിവാക്കിയാലും പൊലീസിന് പഴികേൾക്കേണ്ടി വരുകയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന കേരള പൊലീസ് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 25 മുതൽ 27 വരെ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസീദ്ധികരിക്കുന്ന ‘കാലത്തിനൊപ്പം കരുതലോടെ’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. വ്യാഴാഴ്ച രാവിലെ 10ന് സംസ്ഥാന കമ്മിറ്റി യോഗവും യാത്രയയപ്പ് സമ്മേളനവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് ‘സംശുദ്ധ കേരളം, സംശുദ്ധ പൊലീസ്’ വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻസ് ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം വിഷയം അവതരിപ്പിക്കും.ആർ.ശ്രീകണ്ഠൻ നായർ , നിലീന അത്തോളി, സി.പി പ്രമോദ്, ജി.പി അഭിജിത്ത് തുടങ്ങിയവർ ചർച്ച നയിക്കും. സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തിൽ റോജി.എം.ജോൺ എം.എൽ.എ, ഡി.ജി.പി അനിൽ കാന്ത്, എ.ഡി.ജി. പി പദ്മകുമാർ, ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ് , എസ്.പി വിവേക് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ശനിയാഴ്ച വൈകിട്ട് നാലിന് പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ ബിജു, ഖജാൻജി കെ.എസ് ഔസേഫ്, ജോയിന്‍റ് സെക്രട്ടറി വി.ചന്ദ്രശേഖരൻ, സ്വാഗത സംഘം ചെയർമാൻ ജെ. ഷാജിമോൻ, കൺവീനർ ബെന്നി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.