കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ ഭാര്യയും നടിയുമായ കാവ്യ മാധവൻ അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ അവ്യക്തത. മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കേസിലെ തെളിവുകൾ കൂട്ടിയിണക്കാൻ സഹായകമായ വിവരമൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇൗ സാഹചര്യത്തിൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ഇതിന് ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. ഇതിന് കാവ്യക്ക് നോട്ടീസ് നൽകും.
അതേസമയം, അഭിഭാഷകെൻറ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂ എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കാവ്യയുടെ തീരുമാനമെന്നറിയുന്നു. മുൻകൂർ ജാമ്യത്തിനും ശ്രമമുണ്ട്.അന്വേഷണത്തിെൻറ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് കാവ്യയെ ചോദ്യം ചെയ്തത്. ആലുവയിലെ ദിലീപിെൻറ തറവാട്ടുവീട്ടിൽ രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ ആറുമണിക്കൂറോളം നീണ്ടു. തുടർന്ന്, കാവ്യയുടെ മാതാവ് ശ്യാമളയെയും ചോദ്യം ചെയ്തു.
സംഭവത്തിന് പിന്നിലെ ഗൂഢാലോചന, സംഭവത്തിനുശേഷമുള്ള ദിലീപിെൻറ പെരുമാറ്റം, ദിലീപും പൾസർ സുനിയും തമ്മിലെ ബന്ധം, കാവ്യയുടെ ഒാൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ ലക്ഷ്യയുമായി സുനിക്കുള്ള ബന്ധം, ദിലീപിെൻറ വിവാഹമോചനത്തിന് പിന്നിലെ കാര്യങ്ങൾ, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിെൻറയും മൊബൈൽ ഫോണിെൻറയും വിവരങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ.
എന്നാൽ, പത്രങ്ങളിൽ ചിത്രം കണ്ടുള്ള അറിവ് മാത്രമേ സുനിയെക്കുറിച്ചുള്ളൂവെന്നായിരുന്നു കാവ്യയുടെ മറുപടി. സുനിയെ സംബന്ധിച്ച പല ചോദ്യങ്ങൾക്കും മറുപടി അവ്യക്തമായിരുന്നു. ചില സുപ്രധാന ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയോ അറിയില്ലെന്ന് ഒറ്റവാക്കിൽ മറുപടി നൽകുകയോ ചെയ്തു. നടിയുമായി ദിലീപിന് എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. സംഭവത്തിൽ ദിലീപ് നിരപരാധിയാണെന്നും കാവ്യ മൊഴി നൽകിയതായാണ് വിവരം. ചോദ്യം ചെയ്യലിനിടെ കാവ്യ പലപ്പോഴും വിതുമ്പി.
ഒളിവിൽ പോകുന്നതിെൻറ തലേന്ന് ‘ലക്ഷ്യ’യിലെത്തി മെമ്മറി കാർഡ് ഏൽപിച്ചതായി സുനി മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപും സുനിയും കാവ്യയും നൽകിയ മൊഴികൾ പൊലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. കാവ്യയുടെ മുൻ ഡ്രൈവർ തമ്മനം സ്വദേശി ബിനുവിെൻറയും മൊഴിയെടുത്തിട്ടുണ്ട്. പൾസർ സുനിയെ അറിയില്ലെന്ന കാവ്യയുടെ മറുപടി പൊലീസ് വിശ്വസിച്ചിട്ടില്ല. ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ച ‘പിന്നെയും’ ചിത്രത്തിെൻറ സെറ്റിലും സുനി എത്തിയതായാണ് വിവരം. ഇൗ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചിലരെയും ചോദ്യം ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.