തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗൂഢാലോചന നടത്തിയെന്ന വിലയിരുത്തലിൽ പ്രത്യേക അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതികളായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവരെ കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കോടതി ജഡ്ജി ബാലകൃഷ്ണൻ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രത്യേക സംഘത്തലവൻ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി. പ്രജീഷ് തോട്ടത്തിൽ, ശംഖുമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. പ്രതികളായ മൂന്നുപേരും തമ്മിൽ നേരത്തേതന്നെ അടുത്ത ബന്ധമുണ്ടായിരുന്നു.
ഒരാൾ സ്കൂൾ അധ്യാപകനും മറ്റൊരാൾ സൊസൈറ്റി സെക്രട്ടറിയും മൂന്നാമൻ സൊസൈറ്റിയിലെ പ്യൂണുമാണ്. മറ്റുചിലരും ഗൂഢാലോചനയിൽ പങ്കാളികളാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ഇവർക്ക് വിമാനടിക്കറ്റ് എടുത്ത് നൽകിയതാണെന്നാണ് പൊലീസ് വിലയിരുത്തൽ.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അതിനു മുമ്പ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.