കൊച്ചിയിൽ നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞത് അമ്മ; കുറ്റം സമ്മതിച്ചു

കൊച്ചി: നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മാതാവ് കുറ്റം സമ്മതിച്ചു. പ്രസവിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിയുകയായിരുന്നെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പുറത്തേക്കെറിയുമ്പോൾ നവജാതശിശുവിന് ജീവനുണ്ടായിരുന്നോ എന്ന കാര്യം പോസ്റ്റുമോർട്ടത്തിലേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ 7.30ഓടെയാണ് പനമ്പിള്ളി നഗർ വിദ്യാനഗററിലെ റോഡിൽ കവറിൽ പൊതിഞ്ഞ നിലയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റിൽനിന്നും റോഡിൽ ഒരു പൊതി വന്ന് വീഴുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് ഫ്ലാറ്റിലുള്ളവരെ ചോദ്യം ചെയ്തു.


ഒടുവിൽ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽനിന്നും രക്തക്കറ കണ്ടെത്തുകയും ഫ്ലാറ്റിലുണ്ടായിരുന്ന മകളെയും അച്ഛനെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് യുവതി കുറ്റം സമ്മതിച്ചത്.

ഇന്ന് പുലർച്ചെയാണ് പ്രസവം നടന്നത്. മൂന്നു മണിക്കൂറിനുശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. മകൾ ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. യുവതി ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം യുവതിയെ വൈദ്യ പരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Tags:    
News Summary - police says mother threw newborn baby in kochi panampilly nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.