ചെറുപുഴ(കണ്ണൂർ): ചെറുപുഴയില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. ഇത്തവണ വീടുകളുടെയും ക്ഷേത്രത്തിന്റെയും ചുമരിലും മതിലിലും ബ്ലാക്ക്മാന് എന്ന് എഴുതിവെച്ചാണ് അജ്ഞാതന്‍ സ്ഥലം വിട്ടത്. ഒരിടത്ത് ‘എക്സ് മാൻ അല്ല ബ്ലാക്ക്മാൻ’ എന്നാണ് എഴുതിയിരിക്കുന്നത്. പ്രാപ്പൊയിലിനടുത്ത് കോക്കടവിലാണ് അജ്ഞാതനായ സാമൂഹ്യദ്രോഹിയുടെ വിളയാട്ടം.
നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടാന്‍ ഉറക്കമിളച്ച് കാത്തിരുന്ന നാട്ടുകാരെയും പൊലീസിനെയും കബളിപ്പിച്ചാണ് ചെറുപുഴ പ്രാപ്പൊയിലില്‍ അജ്ഞാതനായ രാത്രിസഞ്ചാരി വീണ്ടുമെത്തിയത്. ഇത്തവണ വീടുകളുടെ ചുമരിലും മതിലിലും കരികൊണ്ട് ബ്ലാക്ക് മാന്‍ എന്നെഴുതുകയും വിചിത്ര രൂപങ്ങള്‍ കോറിയിടുകയും ചെയ്തു.
ഏതാനും ദിവസങ്ങളായി ചെറുപുഴ, പ്രാപ്പൊയില്‍, കോക്കടവ്, പെരുന്തടം പ്രദേശങ്ങളില്‍ ഭീതിവിതച്ച അജ്ഞാതന്റെ സാന്നിധ്യം ബുധനാഴ്ച രാത്രി എവിടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അജ്ഞാതന്റെ പരാക്രമം അവസാനിച്ചുവെന്ന് കരുതിയിരിക്കെയാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാത്രിയും പ്രാപ്പൊയില്‍ കോക്കടവില്‍ അജ്ഞാതന്‍ പ്രത്യക്ഷപ്പെട്ടത്.
വെള്ളിയാഴ്ച കോക്കടവ് ശിവക്ഷേത്രത്തിന്റെ ഭിത്തി, ആഞ്ഞിലിക്കൽ ജോസഫ്, എടക്കര ജോസ്, ചൂരപ്പുഴ ജോസഫ്, പുള്ളിക്കാട്ട് വർഗീസ്, കുപ്പാടക്കൻ കൃഷ്ണൻ തുടങ്ങിയവരുടെ വീട്ടുചുമരുകൾ എന്നിവിടങ്ങളിലാണ് എഴുതിയത്. വ്യാഴാഴ്ച മുന്‍ പഞ്ചായത്തംഗം കെ. രാജന്, വെളിയത്ത് ഏലിയാമ്മ എന്നിവരുടെ വീടിന്റെ ഭിത്തിയിലും മറ്റൊരു വീടിന്റെ മതിലിലും ബ്ലാക്ക്മാന് എന്നെഴുതുകയും ചിത്രങ്ങള്‍ കോറിയിടുകയും ചെയ്തിരുന്നു.
വിവരമറിഞ്ഞ് ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പ്രദേശത്ത് പൊലീസ് പട്രോളിങ്ങിനിടെയാണ് ഇയാൾ വീടുകളിലെത്തിയത്. ഏതാനും ആഴ്ചകളായി ആലക്കോട്, ചെറുപുഴ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ എത്തി ഭയപ്പാടുണ്ടാക്കുന്ന രാത്രിസഞ്ചാരിയെ പിടികൂടാന്‍ നാട്ടുകാര്‍ വിവിധ സംഘങ്ങളായി തിരച്ചില്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.