കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്കുനേരെ നഗ്നത പ്രദർശനം നടത്തിയയാളെ നാലുവർഷമായിട്ടും അറസ്റ്റുചെയ്യാനായില്ല. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത കോളജ് അധ്യാപികക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായ സാഹചര്യത്തിലാണ് പഴയകേസ് വീണ്ടും ചർച്ചയാവുന്നത്.
2018 ഏപ്രിൽ ആദ്യം കോഴിക്കോട്ടുനിന്നാണ് യാത്രക്കിടെ യുവാവ് സീറ്റിലിരുന്ന് നഗ്നത പ്രദർശിപ്പിച്ചത്. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് യാത്രപോയ യുവതി ബസിൽ ഇരുന്ന സീറ്റിന്റെ എതിർഭാഗത്തെ സീറ്റിൽ ഇരുന്ന യുവാവ് നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു.
യുവാവറിയാതെ യുവതി ഇത് മൊബൈൽ കാമറയിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു. ഇതോടെ ദൃശ്യങ്ങൾ മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങി. തുടർന്നാണ് വിഷയം നടക്കാവ് പൊലീസിന്റെ ശ്രദ്ധയിൽവരുകയും പ്രാഥമിക പരിശോധനയിൽ സംഭവം യാഥാർഥ്യമാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ സ്വമേധയ കേസെടുക്കുകയായിരുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിറകെ യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ മൊഴി നൽകി.
കോഴിക്കോട്ടുനിന്ന് ബസിൽ കയറിയ 25 വയസ്സ് തോന്നിക്കുന്ന യുവാവ് സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിലാണ് ഇറങ്ങിയതെന്നടക്കം യുവതി പറഞ്ഞതോടെ ഈ ഭാഗങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടും പേര്, നാട് എന്നിവയൊന്നും പൊലീസിന് കണ്ടെത്താനായില്ല. മൂന്നുമാസത്തോളം അന്വേഷിച്ചിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതോടെ പൊലീസ് തന്നെ ഇയാളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിവരങ്ങൾ കൈമാറണമെന്ന് അഭ്യർഥിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ മൂന്നുവർഷം വീതം തടവും പിഴയും ചുമത്താവുന്ന 354എ (സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തികൾ ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
നീണ്ട അന്വേഷണത്തിനൊടുവിലും വിവരമൊന്നും ലഭിക്കാത്തതോടെ പൊലീസ് അന്വേഷണം താൽകാലികമായി അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.