ആലപ്പുഴയിൽ കെ.എസ്.യുക്കാരെ തടഞ്ഞത് പൊലീസ്; ഗൺമാൻ മർദിക്കുന്നത് കണ്ടിട്ടില്ല -പിണറായി വിജയൻ

ആലപ്പുഴ: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ കെ.എസ്.യുക്കാരെ തടഞ്ഞത് ​പൊലീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ കെ.എസ്.യുക്കാരെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോമിട്ട പൊലീസുകാരാണ് പ്രതിഷേധക്കാരെ തടഞ്ഞത്. അംഗരക്ഷകർ തനിക്ക് ഒന്നും സംഭവിക്കാതിരിക്കാനാണ് പ്രവർത്തിക്കുന്നത്.

മാധ്യമപ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. മാധ്യമങ്ങൾ നാടിന് വേണ്ടി നിൽക്കുന്നവരാണെന്ന് പറയുമെങ്കിലും അത് ചെയ്യില്ലെന്ന് അദ്ദേഹം വിമർശിച്ചു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കേ​ന്ദ്രസർക്കാറിന്റെ അവഗണന സംബന്ധിച്ച് മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. നിഷേധാത്മക സമീപനമാണ് മാധ്യമങ്ങൾ തുടരുന്നതെന്നും അദ്ദേഹം .

മാത്യുകുഴൽനാടന്റെ ആരോപണങ്ങളോട് ഇന്നും മുഖ്യമന്ത്രി വിശദമായി പ്രതികരിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് 2012 ല്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മണല്‍ അടിഞ്ഞുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് മൂലം കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നത് കണക്കിലെടുത്തായിരുന്നു പ്രസ്തുത അനുമതി നല്‍കിയത്. മണല്‍ നീക്കം ചെയ്തില്ലെങ്കില്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ പ്രളയഭീഷണിയുണ്ടാകുമെന്ന ചെന്നൈ ഐ.ഐ.ടി യുടെ പഠനത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഉത്തരവ്.

പുറക്കാട് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് മണല്‍ നീക്കം ചെയ്യാനാണ് ഐ.ആര്‍.ഇ.എല്‍ ന് അനുമതി നല്‍കിയത്. എന്നാല്‍ പഞ്ചായത്തുമായി ധാരണയിലെത്താത്തതിനാല്‍ പ്രസ്തുത പ്രവര്‍ത്തി നടന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് തന്നെ വീണ്ടും തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ട ധാതു കലര്‍ന്ന 46000 ക്യുബിക് മീറ്റര്‍ മണ്ണ് ഐ.ആര്‍.ഇ.എല്‍ ന് അനുവദിച്ചുനല്‍കിയിരുന്നു. പിന്നീട് 72000 ക്യുബിക് മീറ്റര്‍ മണല്‍ കൂടി വേണമെന്ന് ഐ.ആര്‍.ഇ.എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ജി.ഒ(ആര്‍.ടി) നമ്പര്‍. 657/2015/ എഫ് ആന്‍റ് പി പ്രകാരം അനുമതി നല്‍കി. 25.04.2016 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.296/2016/ എഫ് ആന്‍റ് പി ഉത്തരവില്‍ ഐ.ആര്‍.ഇ.എല്‍ സ്വന്തം ചെലവില്‍ ഡ്രെഡ്ജിംഗ് നടത്തി സൂക്ഷിച്ചിരുന്ന 85000 ക്യുബിക് ലിറ്റര്‍ മണല്‍ കൂടി ഐ.ആര്‍.ഇ.എല്‍ ന് നല്‍കിയിട്ടുണ്ട്.

കുട്ടനാട്ടിലെ മഴക്കാലത്തുള്ള വെള്ളപ്പൊക്ക നിവാരണത്തിന് വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഐ.ഐ.ടി ചെന്നൈയുടെ പഠന റിപ്പോര്‍ട്ട്, യുണൈറ്റ് നേഷന്‍സ് എന്‍വയോണ്‍മെന്‍റ് പ്രോഗ്രാമുമായി (ഐ.യു.എന്‍.ഇ.പി) ചേര്‍ന്നുള്ള പ്രളയ സാധ്യതാ അവലോകനം, ലോക ബാങ്ക് സഹായത്തോടുകൂടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ അവലോകനം, ഇവയെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്.

കുട്ടനാട്ടിലെ പ്രളയ ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളിയില്‍ മണല്‍ നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരില്‍ ശിപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം 31.05.2019 ലെ ജി.ഒ(ആര്‍.ടി) നമ്പര്‍.385/2019/ ഡബ്ല്യൂ.ആര്‍.ഡി ഉത്തരവ് മണല്‍ നീക്കം ചെയ്യാന്‍ കെ.എം.എം.എല്‍ ന് അനുമതി നല്‍കി. ഇതിനായി കെ.എം.എം.എല്ലുമായി ധാരണാപത്രം ഒപ്പിടാന്‍ ചീഫ് എഞ്ചിനീയര്‍ക്ക് (ഇറിഗേഷന്‍ & അഡ്മിനിസ്ട്രേഷന്‍) നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഘനമീറ്ററിന് നിശ്ചയിച്ച 464 രൂപ 55 പൈസ എന്ന നിരക്ക് മൂന്ന് മാസത്തിനു ശേഷം പുനര്‍നിര്‍ണ്ണയിക്കണമെന്നും ഉത്തരവില്‍ വ്യക്തിമാക്കിയിരുന്നു.

ഇതനുസരിച്ച് നിരക്ക് 900 രൂപയായി പുനര്‍നിര്‍ണ്ണയിച്ച് 03.12.2022 ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ധാതുക്കള്‍ നീക്കം ചെയ്ത മണല്‍ കടല്‍ത്തീര സംരക്ഷണത്തിനായി നിശ്ചിത സ്ഥലങ്ങളില്‍ തിരികെ നിക്ഷേപിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇത് കാലാകാലങ്ങളില്‍ പുന:പരിശോധിച്ച് പുതുക്കി നല്‍കുന്ന രീതിയാണ് ജലസേചന വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒരു സ്വകാര്യ കമ്പനികള്‍ക്കും ഇത്തരത്തില്‍ മണല്‍ നല്‍കുന്നില്ല.

തോട്ടപ്പള്ളി സ്പില്‍വേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്‍ ന് അനുമതി നല്‍കി 06.08.2018 ലെ ജി.ഒ(ആര്‍.ടി)നമ്പര്‍. 645/2018/എഫ്.ആന്‍റ്.പി ജി.ഒ(ആര്‍.ടി)നമ്പര്‍.385/2019/ഡബ്ല്യു.ആര്‍.ഡി 31.05.2019 എന്നിവ പ്രകാരം ഉത്തരവ് നല്‍കിയിട്ടുണ്ട്. ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

Tags:    
News Summary - Police stopped KSU members in Alappuzha; Never saw a gunman beat - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.