40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ വിജിലൻസ് പിടിയിൽ

കൽപറ്റ: 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. വഞ്ചനാ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിന് കോടതിയിൽ തെറ്റായ റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 40,000 രൂപ കൈക്കൂലി വാങ്ങിയ സുൽത്താൻ ബത്തേരി സബ് ഇൻസ്പെക്ടർ സി.എം സാബുവിനെ ഇന്ന് വിജിലൻസ് കൈയോടെ പിടികൂടി.

കോളജ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിലേക്ക് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയായ പരാതിക്കാരൻ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയുരുന്നു. കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നിബന്ധനകൾ പാലിച്ചുവരവെ ഇക്കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ സാബു കണ്ടു. അപ്പോൾ ജാമ്യ വ്യവസ്ഥ പാലിക്കുന്നില്ലായെന്ന് തെറ്റായ റിപ്പോർട്ട് കോടതിയിൽ നൽകി ജാമ്യം റദ്ദ് ചെയ്യുമെന്നും അത് ഒഴുവാക്കുന്നതിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

തുടർന്ന് ഇത്രയും തുക നൽകാനില്ലായെന്ന് പറഞ്ഞപ്പോൾ 40,000 രൂപ നൽകണമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് വയനാട് യൂനിറ്റ് ഡി.വൈ.എസ്.പി ഷാജി വർഗീസിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 05:30 ഓടെ പൊലീസ് കോർട്ടേഴ്സ് പരിസരത്ത് വച്ച് പരാതിക്കാരനിൽ നിന്നും 40,000 രൂപ കൈക്കൂലി വാങ്ങവെയാണ് സബ് ഇൻസ്പെക്ടറായ സാബുവിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഡി.വൈ.എസ്.പി ഷാജു വർഗീസ്, ഇൻസ്പെക്ടറായ ടി. മനോഹരൻ, പൊലീസ് സബ് ഇൻസ്പെക്ടറായ കെ.ജി. റജി, അസി. സബ് ഇൻസ്പെക്ടർമാരായ പ്രമോദ്, എസ്. സുരേഷ്, സതീഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. ബാലൻ, അജിത് കുമാർ, സുബി.ടി.സി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത് പ്രകാശ്, കെ.ജെ. ജിനേഷ് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Police sub-inspector vigilance arrested while accepting bribe of Rs.40,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.